വെട്ടൂര്‍ കല്ലില്‍റോഡില്‍ വെള്ളക്കെട്ട്; നാട്ടുകാര്‍ ദുരിതത്തില്‍

വര്‍ക്കല: വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലില്‍റോഡിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മൂന്ന് കിലോമീറ്റര്‍ നീളമുള്ളതും പഞ്ചായത്തിലെ സുപ്രധാനമായ ഗ്രാമീണ പാതയുമാണ് ഇത്. 200 മീറ്ററോളം പ്രദേശമാണ് റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഒരു അടി താഴ്ചയില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത്. തീരമേഖലയായ പഞ്ചായത്തിലെ വെട്ടൂരിനെയും മേല്‍വെട്ടൂരിനെയും ബന്ധിപ്പിക്കുന്ന ഏക സഞ്ചാരപാതയാണ് കല്ലില്‍റോഡ്. ആയിരത്തിലധികം കുടുംബങ്ങളാണ് റോഡിനിരുവശത്തുമായി തിങ്ങിപ്പാര്‍ക്കുന്നത്. വെട്ടൂര്‍ ഗവ. എച്ച്.എസ്.എസിലെയും വെട്ടൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുട്ടോളമത്തെുന്ന മലിനജലത്തില്‍ ‘നീന്തി’യാണ് കടന്നുപോകുന്നത്. മത്സ്യഭവന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസ്, വെട്ടൂര്‍ തൈക്കാപള്ളി എന്നിവിടങ്ങളിലേക്ക് എത്തേണ്ടവരും പ്രയാസപ്പെടുകയാണ്. മാത്രമല്ല, കല്ലില്‍റോഡില്‍ രണ്ട് മസ്ജിദുകളുണ്ട്. 1953 ലാണ് ഈ റോഡ് നിര്‍മിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി നടത്തിയ അശാസ്ത്രീയ പുനര്‍നിര്‍മാണപ്രവൃത്തികളാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം. മഴ മാറിയാലും മാസങ്ങള്‍ വേണം വെള്ളക്കെട്ട് മാറാന്‍. വെള്ളക്കെട്ടില്‍ നിന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവരിലും ത്വഗ്രോഗങ്ങളും അലര്‍ജി രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ചെറിയ വാഹനങ്ങളൊന്നും ഇതുവഴി സഞ്ചരിക്കാറില്ല. വെള്ളക്കെട്ടിന് സമീപത്തുള്ള വീട്ടമ്മക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വെട്ടൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ക്കും ജില്ലാ ഭരണകൂടത്തിനും നിരവധിതവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. റവന്യൂമന്ത്രിയെ നേരില്‍ കണ്ട് പ്രശ്നപരിഹാരത്തിന് സാധ്യത തേടുകയാണ് സമിതി ഭാരവാഹികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.