എക്സൈസ് റെയ്ഡ്: 10 കിലോയിലധികം കഞ്ചാവ് പിടിച്ചു

കൊട്ടാരക്കര: എഴുകോണില്‍ എക്സൈസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ 10.5 കിലോ കഞ്ചാവ് പിടികൂടി. 12 കുപ്പി വ്യാജമദ്യവും കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് എഴുകോണ്‍ സുപ്രന്‍ എന്ന എഴുകോണ്‍ തെക്കേവിളപുത്തന്‍ വീട്ടില്‍ സുബ്രഹ്മണ്യനെ(45) അറസ്റ്റ് ചെയ്തു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 8.30ന് എഴുകോണ്‍ റെയ്ഞ്ച് എസ്.ഐ ഉദയകുമാറിന്‍െറ നേതൃത്വത്തില്‍ ജങ്ഷനില്‍ സംശയകരമായ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ സുപ്രന്‍െറ സുമോ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയി. പിന്തുടര്‍ന്ന എക്സൈസ് സംഘം ഇടറോഡില്‍വെച്ച് വാഹനം പിടികൂടി. അതില്‍നിന്ന് സ്വന്തമായി സ്പിരിറ്റ് ചേര്‍ത്ത് നിര്‍മിച്ച 12 കുപ്പി വിദേശമദ്യം കണ്ടെടുത്തു. ചോദ്യംചെയ്യലില്‍ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് ഇയാളുടെ കോട്ടേകുന്നിലെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. അടുക്കളയുടെ സ്ളാബിന്‍െറ അടിയില്‍ പ്രത്യേകം തയാറാക്കിയ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ചില്ലറവില്‍പനക്കാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്നതാണ് കഞ്ചാവെന്ന് ഇയാള്‍ സമ്മതിച്ചു. സ്പിരിറ്റ് കച്ചവടം നടത്തിയിരുന്ന സുപ്രന്‍ അടുത്തിടെ നെയ്യാറ്റിന്‍കര സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷമാണ് കഞ്ചാവ് വ്യാപാരത്തിലേക്ക് തിരിഞ്ഞത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കുമാണ് പ്രധാനമായും കഞ്ചാവ് വില്‍പന നടത്തുന്നത്. കിലോക്ക് 18,000 ത്തിനും 22,000ത്തിനുമിടയില്‍ വാങ്ങുന്ന സാധനം ചെറുപൊതികളാക്കി അഞ്ച് ഗ്രാമിന് 400, 500 രൂപ നിരക്കില്‍ ഈടാക്കിയാണ് വില്‍പന. ഇയാള്‍ പത്തോളം അബ്കാരികേസുകളില്‍ പ്രതിയാണെന്ന് കൊല്ലം എക്സൈസ് അസി. കമീഷണര്‍ രാധാകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊട്ടാരക്കര എക്സൈസ് സി.ഐ റോബര്‍ട്ട്, എഴുകോണ്‍ റെയ്ഞ്ച് എസ്.ഐ ഉദയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഞ്ചാവുവേട്ടക്ക് ഉദയകുമാറിനെക്കൂടാതെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സൂപ്പര്‍നോസ്, പ്രിവന്‍റിവ് ഓഫിസര്‍ ബേബിജോണ്‍, പ്രിവന്‍റിവ് ഓഫിസര്‍ ബാബുസേനന്‍, സിവില്‍ ഓഫിസര്‍മാരായ സി. ശ്രീജയന്‍, ടി.എസ്. അനീഷ്, ടി. തോമസ്, ബി. ഗംഗ, ഡ്രൈവര്‍ ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.