ചവറ: മത്സ്യ ബന്ധനത്തിനിടെയുണ്ടായ അപ്രതീക്ഷിത അപകടത്തില്‍ ജീവന്‍ വെടിഞ്ഞ ഡാനിമോനും ക്രിസ്റ്റഫറും യാത്രയായത് നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ ബാക്കിയാക്കി. തീരവാസികളെയാകെ വേദനയിലാഴ്ത്തിയ ദുരന്തത്തില്‍ രണ്ടു കുടുംബങ്ങളുടെ ആശ്രയമാണ് ഇല്ലാതായത്. സ്വന്തമായി വീട് എന്ന ഇരുവരുടെയും സ്വപ്നം ബാക്കിയായി. വാടക വീട്ടില്‍ കഴിയുന്ന ക്രിസ്റ്റഫറിന്‍െറ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തം വീട്. മത്സ്യബന്ധനത്തില്‍നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്നായിരുന്നു രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചത്. ആകെയുള്ള സമ്പാദ്യമായിരുന്ന വീടും വസ്തുവും നഷ്ടമാക്കിയാണ് വിവാഹങ്ങള്‍ നടത്തിയത്. ജീവിത ദുരിതങ്ങള്‍ക്കിടയിലും വീടെന്ന മോഹം നടക്കാത്തതിലെ നിരാശയും വേദനയും അലട്ടുന്നതിനിടെയാണ് അപ്പനെ മരണം തട്ടിയെടുത്തതെന്ന് നിറകണ്ണുകളോടെ മൂത്ത മകള്‍ ജസീന്ത പറഞ്ഞു. വീടിന്‍െറ ആകെയുള്ള അത്താണി നഷ്ടമായതോടെ വിധിയുടെ മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഈ നിര്‍ധന കുടുംബം. ശക്തികുളങ്ങര പള്ളിക്ക് സമീപം മത്സ്യബന്ധനത്തിനിടെയാണ് പുത്തന്‍തറ കടകപ്പാട്ട് ഡാലിയ ഭവനില്‍ ഡാനി മോനും പുത്തന്‍തുറയില്‍ വാടകക്ക് താമസിക്കുന്ന കരിത്തുറ ജോസഫ് ഡെയിലില്‍ ക്രിസ്റ്റഫറും മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടു തൊഴിലാളികള്‍ രക്ഷപ്പെട്ടെങ്കിലും ഡാനിയെയും ക്രിസ്റ്റഫറിനെയും മരണം തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിക്കൈകള്‍ നീട്ടി അച്ഛനരികില്‍ ചിണുങ്ങുമ്പോള്‍ വാരിയെടുത്തൊന്നു താലോലിക്കാന്‍ ദിയ എന്ന ഒരു വയസ്സുകാരിക്കരികില്‍ ഇനി ഡാനി എത്തില്ല. ജിവിത പ്രാരബ്ധങ്ങള്‍ കാരണം മത്സ്യബന്ധന ജോലികള്‍ ഇല്ലാതെ വരുമ്പോള്‍ ഡ്രൈവിങ് ജോലിക്ക് കൂടി പോയാണ് ഡാനി കുടുംബം പുലര്‍ത്തിയിരുന്നത്. വീടിന്‍െറ ആകെയുള്ള ആണ്‍തുണ നഷ്ടമായത് താങ്ങാനാവാതെ വിലപിക്കുകയാണ് ഭാര്യ സിന്ധുവും മാതാവായ അരുന്ധതിയും. ഒരു മാസം മുമ്പായിരുന്നു ദിയയുടെ ഒന്നാം പിറന്നാള്‍. ഭാര്യക്കും മകള്‍ക്കുമൊപ്പം ചോര്‍ന്നൊലിക്കുന്ന പഴയ വീട്ടില്‍ കഴിയുമ്പോഴും പുതിയ വീടെന്ന മോഹത്തിനായുള്ള ഓട്ടത്തിലായിരുന്നു ഈ യുവാവും. ആശ്രയവും പ്രതീക്ഷയും നഷ്ടമായ വേദനയില്‍ അലമുറയിട്ട് കരയുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാത്ത സങ്കടത്തിലായിരുന്നു സമീപവാസികള്‍. ഇവരുടെയും അപ്രതീക്ഷിത വിയോഗം നാടിനും നൊമ്പരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.