ശുചീകരിക്കാന്‍ ഓടകള്‍ പൊളിച്ചു; പാതിവഴിയില്‍ ഉപേക്ഷിച്ചു

പുനലൂര്‍: ടൗണിലെ ഓടകള്‍ ശുചീകരിക്കാനായി പൊളിച്ചത് പാതി വഴിയില്‍ ഉപേക്ഷിച്ചതോടെ വ്യാപാരികളും ജനങ്ങളും വലയുന്നു. ദേശീയപാതയുടെ അടക്കം വശത്തുള്ള ഓടകള്‍ സ്ഥാപിച്ച ശേഷം അധികൃതര്‍ ശുചീകരിക്കന്‍ തയാറാകാത്തതിനാല്‍ മണ്ണും മറ്റ് അവശിഷ്ടങ്ങളാലും അടഞ്ഞു. ഇതുകാരണം ഓടകവിഞ്ഞ് മലിനജലം പാതയിലൂടെയാണ് പലയിടത്തും ഒഴുകുന്നത്. പുനലൂര്‍ എം.എല്‍.എയും വനം മന്ത്രിയുമായ അഡ്വ. കെ. രാജുവിന്‍െറ അധ്യക്ഷതയില്‍ രണ്ടാഴ്ച മുമ്പ് നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഓട ശുചീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നാണ് എന്‍.എച്ച് അധികൃതര്‍ കടകള്‍ക്ക് മുന്നില്‍ ഓടയില്‍ സ്ഥാപിച്ചിരുന്ന സ്ളാബുകള്‍ ഇളക്കിമാറ്റി ശുചീകരണം തുടങ്ങിയത്. മണ്ണുമാന്തി ഉപയോഗിച്ച് രാത്രിയിലാണ് സ്ളാബുകള്‍ മാറ്റിയത്. പല കടകളുടെയും മുന്‍വശത്ത് നാശം സംഭവിച്ചതോടെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പും ഭീഷണിയും ഉണ്ടായതിനാല്‍ പണി നിര്‍ത്തിയെന്നാണ് പാത അധികൃതര്‍ പറയുന്നത്. പൊളിച്ച ഓടയിലെ അവശിഷ്ടം നീക്കി സ്ളാബുകള്‍ പുന$സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഇതുകാരണം പലകടകളിലേക്കും ആളുകള്‍ക്ക് കയറാന്‍ ബുദ്ധിമുട്ടായി. ഇതിലുപരി തുറന്ന് കിടക്കുന്ന ഓടയിലും അലക്ഷ്യമായിട്ടിരിക്കുന്ന സ്ളാബിലും തട്ടിവീണ് പലര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. തുറസ്സായ ഓടയില്‍ മലിന ജലം കെട്ടിനിന്ന് ദുര്‍ഗന്ധവും പരത്തുന്നു. പലയിടത്തും സ്ളാബ് പാതയിലേക്ക് ഇളക്കിയിട്ടിരിക്കുന്നത് വാഹനാപകടത്തിനും ഇടയാക്കുന്നു. വ്യാപാരികളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് ഓടയുടെ ശുചീകരണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല. അധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഓടയുടെ പണി ഉടന്‍ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ നഗരസഭ ഇതിന് മുന്നിട്ടിറങ്ങുമെന്നും നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.