കെ.എസ്.ടി.പിയുടെ അനാസ്ഥ: കോടികളുടെ റവന്യൂ ഭൂമി അന്യാധീനപ്പെടുന്നു

കിളിമാനൂര്‍: സംസ്ഥാന പാതയില്‍ കെ.എസ്.ടി.പിയുടെ റോഡ് വികസനത്തില്‍ ഖജനാവിനുണ്ടായത് കോടികളുടെ നഷ്ടം. എന്നാല്‍, റോഡ് നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയാറായിട്ടില്ല. റോഡ് വികസനത്തിന് പൊന്നുംവിലയ്ക്ക് സ്വകാര്യവ്യക്തികളില്‍നിന്ന് ഭൂമി വാങ്ങിയപ്പോള്‍ റവന്യൂവകുപ്പിന് സ്വന്തമായുണ്ടായിരുന്ന ഹെക്ടര്‍ കണക്കിന് ഭൂമിയാണ് നഷ്ടമായത്. റോഡ് കടന്നുപോകുന്ന ഭാഗത്തെ ഭൂമിയിലേറെയും സ്വകാര്യവ്യക്തികള്‍ കൈയേറിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയില്‍ വെഞ്ഞാറമൂട് തൈക്കാട് മുതല്‍ ചെങ്ങന്നൂര്‍ വരെയാണ് 2004ല്‍ കെ.എസ്.ടി.പി റോഡ് നിര്‍മിച്ചത്. നിലവിലെ റോഡിലെ കൊടും വളവുകള്‍ നിവര്‍ത്തുക, റോഡിന് വീതികൂട്ടുക, ആവശ്യസ്ഥലങ്ങളില്‍ സംരക്ഷണഭിത്തകള്‍ നിര്‍മിക്കുക, ഇരുവശങ്ങളിലും പൂര്‍ണമായും ഓടകള്‍ തീര്‍ക്കുക, പ്രധാന കവലകളില്‍ ബസ്ബേകള്‍ പണിയുക തുടങ്ങിയവ യൊക്കെയായിരുന്നു പ്രധാനപ്രവൃത്തികള്‍. റോഡിന്‍െറ വീതികൂട്ടുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനുമായി ഭൂമി ഏറ്റെടുത്തപ്പോള്‍ ജില്ലാതിര്‍ത്തിയില്‍ തട്ടത്തുമല വാഴോട് വരെയുള്ള ഭാഗത്തുമാത്രം അന്യാധീനപ്പെട്ടത് ഹെക്ടര്‍ കണക്കിന് പഴയ റോഡ് കടന്നുപോയിരുന്ന ഭൂമിയാണ്. വെഞ്ഞാറമൂട് ആലുന്തറയില്‍മാത്രം രണ്ടിടങ്ങളിലായി ഒരേക്കറിലധികം ഭൂമി നഷ്ടമായി. കീഴായിക്കോണം മാമൂട്, വാമനപുരം പഴയ പോസ്റ്റ് ഓഫിസ് കവല, വാമനപുരം പാലത്തിന്‍െറ ഇരുവശങ്ങളും, പുളിമാത്ത് വില്ളേജ് ഓഫിസിന് മുന്‍വശം, പുളിമാത്ത് കുടിയേല, പൊരുന്തമന്‍, കിളിമാനൂര്‍ ടൗണ്‍ യു.പി.എസ് കവല എന്നിവിടങ്ങളിലുമായി ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ പഴയ റോഡും അവശേഷിക്കുന്ന ഭാഗങ്ങളും അതതു പഞ്ചായത്തുകള്‍ക്ക് കൈമാറുമെന്നാണ് കെ.എസ്.ടി.പി അറിയിച്ചിരുന്നത്. എന്നാല്‍, അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ഇത്തരത്തില്‍ നഷ്ടപ്പെട്ട റവന്യൂ ഭൂമിയിലേറെയും ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെയും പ്രധാന കവലകളിലേത് വന്‍കിടക്കാരുടെയും കൈവശമാണ്. കൈയേറിയ ഭൂമിയില്‍ പലരും താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിക്കുകയും, ചുറ്റുമതില്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. ചിലര്‍ റോഡില്‍ കാര്‍ഷിക വിളകള്‍ നട്ടുവളര്‍ത്തിയിട്ടുമുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി ഈ സ്ഥലം കണ്ടത്തെിയവരും ചുരുക്കമല്ല. റോഡ് കടന്നുപോകുന്ന ഭാഗം മുഴുവനും ഇരുവശങ്ങളിലും ഓട നിര്‍മിക്കുമെന്ന് പറഞ്ഞെങ്കിലും ബഹുഭൂരിഭാഗം സ്ഥലത്തും ഓടകള്‍ നിര്‍മിക്കുകയോ അവക്ക് ആവശ്യമായ മേല്‍മൂടികള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. പ്രധാന കവലകളില്‍ ഫുട്പാത്തുകള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനയിടങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.