ചവറയില്‍ ആറുമാസത്തിനിടെ അപകടങ്ങള്‍ കവര്‍ന്നത് 10 ജീവന്‍

ചവറ: ആറുമാസത്തിനിടെ ചവറയില്‍ അപകടങ്ങളില്‍ മരിച്ചത് പത്തു പേര്‍. 90 ഓളം വ്യത്യസ്ത അപകടങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദേശീയപാത പുതുതായി ടാര്‍ ചെയ്തതിന് ശേഷമാണ് അപകടനിരക്കുകളില്‍ ഇത്രയും വര്‍ധനയുണ്ടായത്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയുടെ ഒടുവിലത്തെ ഇരയാണ് ശനിയാഴ്ച അപകടത്തില്‍ മരിച്ച രാജന്‍. പുതുതായി ടാര്‍ ചെയ്തതോടെ പല ഭാഗത്തും പഴയതില്‍ നിന്നും ഒരടിയോളമാണ് റോഡുയര്‍ന്നത്. തറനിരപ്പില്‍ നിന്ന് റോഡിലേക്കുള്ള ഉയരം സമാന്തരമായി നികത്തിയെടുക്കാത്തത് മൂലം താഴ്ചയില്‍നിന്നും ഇടറോഡില്‍നിന്നും ദേശീയപാതയിലേക്ക് എത്തുന്ന വാഹനങ്ങള്‍ നിയന്ത്രണംതെറ്റി മറിയുകയാണ്. രാജന്‍ സഞ്ചരിച്ച സ്കൂട്ടറും ഇത്തരത്തില്‍ ദേശീയപാതയിലേക്ക് കയറുന്നതിനിടയില്‍ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. കഴിഞ്ഞദിവസം വെറ്റമുക്കില്‍ നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍നിന്ന് യുവതി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച പരിമണത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഓട്ടോ ഡ്രൈവര്‍ സംഭവസ്ഥലത്ത് മരിച്ചിരുന്നു. മേയിലാണ് ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് യുവതി മരിച്ചത്. ഇടപ്പള്ളിക്കോട്ടക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. പല അപകടങ്ങളിലായി ഗുരുതരമായും അല്ലാതെയും പരിക്കേറ്റവരുടെ എണ്ണം നൂറിലധികം വരും. പുതിയ റോഡ് നിര്‍മിച്ചെങ്കിലും അപകടങ്ങള്‍ നിയന്ത്രണവിധേയമായിട്ടില്ളെന്നതിന്‍െറ തെളിവാണ് നീണ്ടകര മുതല്‍ കന്നേറ്റി വരെയുള്ള അപകടക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരന്തരം അപകടങ്ങള്‍ വര്‍ധിച്ചിട്ടും വേഗം നിയന്ത്രിക്കുവാനുള്ള ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊതുവേ തിരക്കുള്ള പരിമണം, ചവറ, തട്ടാശേരി, ടൈറ്റാനിയം ഇടപ്പള്ളികോട്ട, വെറ്റമുക്ക് ഭാഗങ്ങളിലാണ് കൂടുതലും അപകടങ്ങള്‍ നടന്നത്. ഏറെ തിരക്കുള്ള ശങ്കരമംഗലത്ത് ട്രാഫിക് സിഗ്നല്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടും നാളേറെയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.