ബ്ളേഡ് മാഫിയയുടെ പിടിയില്‍ കിഴക്കന്‍മേഖല

പത്തനാപുരം: കിഴക്കന്‍മേഖലയില്‍ ബ്ളേഡ് മാഫിയകള്‍ പിടിമുറുക്കുന്നു. വ്യാപാരികള്‍ക്ക് പുറമെ രക്ഷിതാക്കളും പലിശക്കാരുടെ നീരാളിപിടിത്തത്തിലാണ്. പത്തനാപുരത്തെ സ്റ്റേഷനറി വ്യാപാരിയുടെ ആത്മഹത്യക്ക് പിന്നാലെ നിരവധിയാളുകളാണ് ബ്ളേഡ് മാഫിയകള്‍ക്കെതിരെ പരാതികളുമായി എത്തുന്നത്. പത്തനാപുരത്തെ നിരവധി ചെറുകിട വ്യാപാരികളടക്കം ബ്ളേഡ് മാഫിയയുടെ പിടിയിലാണ്. വ്യാപാരത്തില്‍നിന്ന് ലഭിക്കുന്ന ലാഭം പൂര്‍ണമായും പലിശ നല്‍കാന്‍ മാത്രമേ തികയുന്നുള്ളൂ. ഒരാളുടെ കടം വീട്ടാന്‍ അടുത്ത ബ്ളേഡുകാരന്‍െറ വലയില്‍ കുടുങ്ങുന്നു. ഇത് തുടരുന്നതോടെ കടം വാങ്ങുന്നവരുടെ കുടുംബം കടക്കെണിയിലാകുന്നു. ഇത് മൂലം മിക്ക കുടുംബങ്ങളും നാടുവിട്ട് പോകുകയും വാടക വീടുകളില്‍ കഴിയുകയുമാണ് ചെയ്യുന്നത്. പലിശക്കാരന്‍ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തവരും കുറവല്ല. മത്സ്യ-പച്ചക്കറി ഉള്‍പ്പെടെ മാര്‍ക്കറ്റുകളിലെ ചെറുകിട വ്യാപാരികളും അന്യദേശത്ത് മക്കളെ വിട്ട് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന രക്ഷിതാക്കളും ബ്ളേഡ് മാഫിയകളുടെ ഇരകളാണ്. വെളുപ്പിനെ സജീവമാകുന്ന പലിശക്കാര്‍ മത്സ്യവ്യാപാരികള്‍ക്കും മറ്റും രാവിലെ 1000 രൂപ നല്‍കിയാല്‍ വൈകീട്ട് 1300 രൂപ തിരികെനല്‍കണം. ഇതിനെ കടുംവെട്ട്, തീപ്പെട്ടി എന്നീ പേരുകളിലാണ് മാഫിയകളെ അറിയപ്പെടുന്നത്. വന്‍കിട മുതലാളിമാര്‍ ബിനാമിയെ വെച്ചാണ് പലിശക്ക് പണം നല്‍കുന്നത്. ചിലര്‍ മറ്റുള്ളവരില്‍നിന്ന് ഒരു ലക്ഷം രൂപക്ക് മൂവായിരം നാലായിരം പലിശ നല്‍കി വാങ്ങിയശേഷം പതിനായിരവും അതിലധികവും വാങ്ങി മറിച്ച് നല്‍കുന്നു. ചിട്ടിയുടെയും സ്വര്‍ണ പണയത്തിന്‍െറയും പേരില്‍ ലൈസന്‍സെടുത്ത് ഫൈനാന്‍സുകള്‍ തുറന്നശേഷം കൊള്ള പലിശക്ക് പണം നല്‍കുന്നതായും ആക്ഷേപമുണ്ട്. ഗ്രാമങ്ങളും കോളനികളും കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍നിന്നുള്ള പലിശക്കാരും മലയോരമേഖലയിലേക്ക് എത്തുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ പലിശക്കാരെ തേടുന്നവര്‍ അമിതപലിശ നല്‍കുന്നതിലൂടെ തീരാദുരിതത്തിലാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.