കെ.എസ്.ഇ.ബി അധികൃതര്‍ അന്ന് ഇടപെട്ടിരുന്നെങ്കില്‍...

കുന്നിക്കോട്: കെ.എസ്.ഇ.ബി അന്ന് ഇടപെട്ടിരുന്നെങ്കില്‍ ആ ജീവന്‍ പൊലിയുകയില്ലായിരുന്നു. അധികൃതരുടെ അനാസ്ഥ തകര്‍ത്തത് ഒരു കുടുംബത്തിന്‍െറ പ്രതീക്ഷകളെയാണ്. പട്ടാഴി കന്നിമേല്‍ ഗ്രാമം നിറകണ്ണുകളോടെയാണ് ഗോകുലിനെ യാത്രയയച്ചത്. രോഗികളും നിര്‍ധനരുമായ മാതാപിതാക്കളുടെ പ്രതീക്ഷയായിരുന്നു ഗോകുല്‍ കൃഷ്ണന്‍. ബസ് കടന്നുപോകാന്‍ സര്‍വിസ് വയര്‍ മാറ്റുന്നതിന് പിതാവിനെ സഹായിക്കുന്നതിനിടെയാണ് ദുരന്തമായി മരണം എത്തിയത്. പിതാവ് ഓമനക്കുട്ടന്‍ പോളിയോ ബാധിച്ച് കാലിന് വൈകല്യമുള്ളയാളാണ്. മാതാവ് ബിന്ദുവാകട്ടെ ഹൃദ്രോഗിയും. മകന്‍െറ മരണം കണ്‍മുന്നില്‍ കണ്ടതോടെ ഹൃദയാഘാതം സംഭവിച്ച ബിന്ദു ആശുപത്രിയിലാണ്. മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരാണ് ഇരുവരും. തുച്ഛ വരുമാനത്തിലാണ് മക്കളുടെ പഠനവും ഇരുവരുടെയും ചികിത്സയും നടന്നിരുന്നത്. ആറാം ക്ളാസ് വിദ്യാര്‍ഥിയായ ഗോകുല്‍ പാഠ്യ- പഠ്യേതരരംഗങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു. മിക്കപ്പോഴും വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സര്‍വിസ് വയര്‍ പൊട്ടി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വീട്ടിലേക്കുള്ള സര്‍വിസ് വയര്‍ ഉയര്‍ത്തിത്തരണമെന്ന് നിരവധി തവണ ഓമനക്കുട്ടന്‍ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആവശ്യം അധികൃതര്‍ പരിഗണിച്ചതേയില്ല. തുടര്‍ന്നാണ് ഗോകുലിന്‍െറ സഹായത്തോടെ സര്‍വിസ് വയര്‍ ഉയര്‍ത്തിക്കെട്ടാന്‍ പിതാവ് ശ്രമിച്ചത്. ഇതിനിടെ കടന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍െറ മുകളില്‍ വയര്‍ കുരുങ്ങുകയും കമുകിലിരുന്ന ഗോകുല്‍ തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.