പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് ഉത്സവമായി; പെരപ്പയംപാലം നിര്‍മാണത്തിന് തുടക്കം

ആയൂര്‍: മൂന്നുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ പെരപ്പയം പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍നടന്നു. ജനപ്രതിനിധികളെയും പാലത്തിന് വേണ്ടി പോരാടിയവരെയും സാക്ഷികളാക്കി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി 400ദിവസം കൊണ്ട് 100 പാലങ്ങള്‍ എന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചതായി മന്ത്രി പറഞ്ഞു. നൂറാമത് പാലം ഫെബ്രുവരി 28ന് ആലുവയില്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ പദ്ധതി തുക കൂടാതെ ലോക ബാങ്ക്, നബാര്‍ഡ് അടക്കമുള്ള വിവിധ ഏജന്‍സികളില്‍നിന്ന് സ്വരൂപിച്ച തുകകൂടി ഉപയോഗിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പെരപ്പയം പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികള്‍ ജാഗ്രത കാട്ടണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വലിയ ആഗ്രഹത്തിന്‍െറ സ്വാഭാവിക പരിണതിയാണ് പെരപ്പയം പാലമെന്നും മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ പാലങ്ങള്‍ ഉപയുക്തമാകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുല്ലക്കര രത്നാകരന്‍ എം.എല്‍.എ പറഞ്ഞു. 13. 75കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആയൂര്‍-ഇത്തിക്കര റോഡിന് മൂന്ന്കോടി രൂപ അനുവദിച്ചതായും ശേഷിക്കുന്ന തുക അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. നിര്‍മല, ഇളമാട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ചിത്ര, ബ്ളോക് വൈസ് പ്രസിഡന്‍റ് അഡ്വ. എം.കെ. ഡാനിയേല്‍, വെളിനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. നൗഷാദ്, വി. രാകേഷ്, ശരത്, അബ്ദുല്‍ ഹക്കീം, റഷീദാബീവി, അഡ്വ. എം.എം. നസീര്‍, എം. അന്‍സറുദ്ദീന്‍, എ. മുസ്തഫ, ഭുവനേന്ദ്രക്കുറുപ്പ്, കെ. ശിവദാസന്‍, കെ. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. 10.95 കോടി നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന് 89.28മീറ്റര്‍ നീളവും 7.5മീറ്റര്‍ വീതിയുമുണ്ട്. പാലം ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളും പ്രദേശവാസികളും ദിവസവും സമീപ ടൗണുകളില്‍ എത്തുന്നതിനായി കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇത്തിക്കരയാറ്റില്‍ ജല നിരപ്പ് ഉയരുമ്പോഴും കടത്തുവള്ളം ഇല്ലാത്തപ്പോഴും മൂന്നര കിലോമീറ്ററിലധികം ചുറ്റിസഞ്ചരിച്ചാണ് മറുകരയിലത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.