ഇരവിപുരം: കൊല്ലം-ആറ്റിങ്ങല്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘അജിലാല്‍’ ബസിലെ കണ്ടക്ടര്‍മാരുടെ കൈയില്‍ ബുധനാഴ്ച ഉണ്ടായിരുന്നത് ടിക്കറ്റ് റാക്കും ബാഗുമായിരുന്നില്ല. സഹായം അഭ്യര്‍ഥിച്ചുള്ള ബക്കറ്റുകളായിരുന്നു. അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ചികിത്സാധനസഹായത്തിനുവേണ്ടിയാണ് ബസ് സര്‍വിസ് നടത്തിയത്. യാത്രക്കാര്‍ ടിക്കറ്റിനായി പണം നല്‍കുമ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍െറ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു കണ്ടക്ടര്‍മാര്‍ ചെയ്തത്. 2015 നവംബര്‍ 20ന് ആറ്റിങ്ങല്‍ മാമം പാലത്തിലുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ തച്ചോട് പനയറ സ്വദേശി സംഗീതയുടെ ചികിത്സക്ക് പണം കണ്ടത്തെുന്നതിനാണ് വര്‍ക്കല സ്വദേശി അജിത്തിന്‍െറ ഉടമസ്ഥതയിലുള്ള കൊല്ലം -ആറ്റിങ്ങല്‍ ബസും പരവൂര്‍ വര്‍ക്കല റൂട്ടില്‍ സര്‍വിസ് നടത്തുന്ന അജിലാല്‍ ബസും ഓടിയത്. സ്റ്റോപ്പുകളില്‍ നില്‍ക്കുന്നവരോടും ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരോടും മറ്റ് ബസുകളിലെ ജീവനക്കാരോടും അജിലാലിലെ തൊഴിലാളികള്‍ സഹായം തേടി. യാത്രക്കാരും പൊതുജനങ്ങളും സഹായങ്ങള്‍ നല്‍കി ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കണ്ടക്ടര്‍മാരായ അനൂപും വിഷ്ണുവും ഡ്രൈവര്‍ അനീഷും ഒരു മനസ്സോടെയാണ് പണം പിരിച്ചത്. ബസ് ഓട്ടത്തിന് ആവശ്യമായ ഡീസല്‍ ഉടമ അജിത്തിന്‍െറ വകയായിരുന്നു. തൊഴിലാളികളും ശമ്പളം ഒഴിവാക്കിയാണ് ജോലിയെടുത്തത്. ബുധനാഴ്ച ബസില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും സംഗീതയുടെ കുടുംബത്തിന് കൈമാറും. ആറുവര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ മരിച്ച ബസുടമയുടെ സഹോദരന്‍ അജിലാലിന്‍െറ ചരമവാര്‍ഷികദിനം കൂടിയായിരുന്നു ബുധനാഴ്ച. ഈ ദിനത്തില്‍ ബസില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇദ്ദേഹം വിനിയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.