കുരീപ്പുഴ ചണ്ടിഡിപ്പോയിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കാവനാട്: പടിഞ്ഞാറേ കൊല്ലം കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യക്കൂനയിലുണ്ടായ തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ബുധനാഴ്ച രാവിലെ എക്സ്കവേറ്റര്‍ ഉപയോഗിച്ച് ചവറുകൂനകള്‍ ഇളക്കി വെള്ളംചീറ്റി തീ അണയ്ക്കാനാണ് ആലോചിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജ്മോഹന്‍ പറഞ്ഞു. തീ അണയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേയറോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത്. അന്നു മുതല്‍ ഫയര്‍ഫോഴ്സിന്‍െറ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം നടന്നുവരുകയാണ്. ചൊവ്വാഴ്ചയും രാവിലെ മുതല്‍ ഉച്ചവരെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോര്‍പറേഷന്‍ അധികൃതര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ചീറ്റി തീ അണയ്ക്കാനുള്ള ശ്രമവും തിങ്കളാഴ്ച ആരംഭിച്ചിട്ടുണ്ട്. ചണ്ടി ഡിപ്പോയോട് ചേര്‍ന്നുള്ള കായലില്‍നിന്ന് തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ചണ്ടി ഡിപ്പോയുടെ പരിസരപ്രദേശത്ത് ഇപ്പോഴും വന്‍തോതില്‍ പുകപടലം രൂപപ്പെട്ടിരിക്കുകയാണ്. സമീപ പ്രദേശത്തുള്ളവര്‍ക്ക് പുകശല്യം മൂലം ശ്വാസമുട്ടലും ചുമയും അനുഭവപ്പെടുന്നുണ്ട്. 30 അടിയിലേറെ പൊക്കത്തിലാണ് ഇവിടെ മാലിന്യം കൂടിക്കിടക്കുന്നത്. ഫയര്‍ഫോഴ്സ് വാഹനം അകത്തുകടക്കുന്നതിനും ഏറെ ബുദ്ധിമുട്ടാണ്. ചണ്ടി ഡിപ്പോ പ്രദേശം വൃത്തിയാക്കി കൃഷിയിറക്കണമെന്ന് കോര്‍പറേഷനോട് ആവശ്യപ്പെടുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. റെസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കോ കുടുംബശ്രീകള്‍ക്കോ പദ്ധതി നടപ്പാക്കാന്‍ സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.