പൊലീസ് ചമഞ്ഞ് കവര്‍ച്ച; പ്രതികള്‍ റിമാന്‍ഡില്‍

ചവറ: പൊലീസ് ചമഞ്ഞ് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയ കേസുകളിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കളീക്കത്തറ തെക്കതില്‍ സച്ചു എന്ന സജിത് (28), ചവറ കരിത്തുറ തൈക്കൂട്ടത്തില്‍ വീട്ടില്‍ പോള്‍ മാര്‍ട്ടിന്‍ (37) എന്നിവരെയാണ് ചവറ പൊലീസ് കഴിഞ്ഞദിവസം രാത്രി ശക്തികുളങ്ങരക്കുസമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. എസ്.ഐ, സിവില്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞായിരുന്നു തട്ടിപ്പും കവര്‍ച്ചയും. കഴിഞ്ഞ ഒരു മാസമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ രാത്രി യാത്രക്കാരെ കാക്കി പാന്‍റും മഫ്തി ഷര്‍ട്ടും ധരിച്ച് മോട്ടോര്‍ ബൈക്കിലത്തെി ദേഹോപദ്രവം ഏല്‍പിച്ച് കവര്‍ച്ച നടത്തുകയായിരുന്നു സംഘത്തിന്‍െറ പതിവ്. സി.ആര്‍.പി.എഫിലെ സബ് ഇന്‍സ്പെക്ടറുടെ യൂനിഫോം ധരിച്ചെടുത്ത ചിത്രങ്ങള്‍ ഫോണില്‍ വാള്‍പേപ്പറായി ഉപയോഗിച്ചശേഷം യാത്രക്കാരെ ഇത് കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. തൃശൂരില്‍നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രക്ക് പോയ എട്ടംഗസംഘത്തിന്‍െറ രണ്ട് മൊബൈല്‍ഫോണും 15,000 രൂപയും കവര്‍ന്നത്, നീണ്ടകര ഹാര്‍ബറില്‍ കിടന്നുറങ്ങിയ 10ഓളം മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് പണവും മൊബൈല്‍ഫോണും കവര്‍ന്നത്, ശക്തികുളങ്ങരയില്‍ പുത്തൂര്‍ സ്വദേശി പ്രമോദില്‍നിന്ന് മൊബൈല്‍ഫോണ്‍, പണം എന്നിവ കവര്‍ന്നത്, കൊല്ലം റെയില്‍വേസ്റ്റേഷനുസമീപം ചാനല്‍ റിപ്പോര്‍ട്ടറെ കവര്‍ച്ച നടത്തിയത്, കൊല്ലം ഡി.സി.സിക്കുസമീപം മുളവന സ്വദേശിയെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് പണം കവര്‍ന്നത്, പന്തളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതുപ്പറമ്പ് സ്വദേശിനിയായ സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്, കരുനാഗപ്പള്ളിയില്‍ അഴകിയകാവ് ക്ഷേത്രത്തിനുസമീപം മണപ്പള്ളി സ്വദേശി കുഞ്ഞമ്മ എന്ന സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്നത്, പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരുനാഗപ്പള്ളി സ്വദേശിയായ ഉണ്ണികൃഷ്ണന്‍െറ പണവും സ്വര്‍ണവും കവര്‍ന്നത്, ആലപ്പുഴ വള്ളിക്കുന്നം തളിരാടി സ്വദേശി ബിജുകുമാറിന്‍െറ ഹോണ്ട ബൈക്ക് മോഷ്ടിച്ചത്, കൊല്ലം റെയില്‍വേ സ്റ്റേഷനുസമീപത്ത് രണ്ട് ബൈക്കുകള്‍ കവര്‍ന്നത് ഉള്‍പ്പെടെ 25 ഓളം കേസുകളില്‍ ഇവര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സച്ചു മുമ്പ് 30 ഓളം കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളാണ്. കൊല്ലം സിറ്റി സ്പെഷല്‍ ബ്രാഞ്ച് പൊലീസ് അസി. കമീഷണര്‍ റെക്സ്ബോബി അര്‍വിന്‍, കരുനാഗപ്പള്ളി എ.സി.പി. ശിവസുതന്‍പിള്ള, ചവറ എസ്.ഐ. ജി. ഗോപകുമാര്‍, ഷാഡോ എസ്.ഐ മഹേഷ്പിള്ള, ടീം അംഗങ്ങളായ ജോസ്പ്രകാശ്, പ്രസന്നകുമാര്‍, അനന്‍ബാബു, ഹരിലാല്‍, കൃഷ്ണകുമാര്‍, ബൈജു ജറോം, വേണുഗോപാലപിള്ള, വിനു, ജെയിസന്‍, മനു, സിനു, ബാബുകുമാര്‍, നന്ദകുമാര്‍, രാജേഷ്കുമാര്‍, സൈബര്‍സെല്‍ സി.പി.ഒ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.