കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ തീ ഇനിയും ശമിച്ചില്ല

കാവനാട്: പടിഞ്ഞാറേ കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ ശനിയാഴ്ച മാലിന്യക്കൂമ്പാരത്തിലുണ്ടായ തീ ഇനിയും പൂര്‍ണമായും അണക്കാനായില്ല. പ്രദേശത്ത് ഇപ്പോഴും കറുത്ത പുകപടലം വ്യാപിച്ചിരിക്കുകയാണ്. പരിസരവാസികള്‍ക്ക് ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുന്നതായും കോര്‍പറേഷന്‍ അധികൃതന്‍ ഉടന്‍ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. മാലിന്യക്കൂനയിലുണ്ടായ തീപിടിത്തം അണക്കാന്‍ കഴിയാത്തത് ഫയര്‍ഫോഴ്സിനെയും വലക്കുന്നു. മറ്റു സ്ഥലങ്ങളില്‍ തീപിടിത്തവും അപകടങ്ങളും ഉണ്ടാവുമ്പോള്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് ഫയര്‍ഫോഴ്സ്. പ്രദേശത്ത് പുകശല്യം കൂടുമ്പോള്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിക്കുകയാണ് ചെയ്യുന്നത്. ഫയര്‍ഫോഴ്സ് എത്തി മണിക്കൂറുകളോളം പരിശ്രമിച്ച് ഒരു ഭാഗത്തെ തീ അണച്ച് മടങ്ങുമ്പോള്‍ അടുത്ത ഭാഗം പുകയുന്ന സ്ഥിതിയാണ്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ചവറുകൂനക്ക് തീപിടിച്ചത്. അന്നു മുതല്‍ പല സമയങ്ങളിലായി ഫയര്‍ഫോഴ്സ് തീ അണക്കാന്‍ ശ്രമിക്കുകയാണെങ്കിലും നടക്കുന്നില്ല. പുകശല്യം രൂക്ഷമായതിനെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടുവരെ ഫയര്‍ഫോഴ്സ് തീഅണക്കാന്‍ പരിശ്രമം നടത്തിയെങ്കിലും വീണ്ടും പുക ഉയര്‍ന്നുതുടങ്ങി. സമീപതാമസക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ചണ്ടി ഡിപ്പോക്കുള്ളില്‍ കയറാന്‍ പറ്റാത്ത രീതിയില്‍ 30 അടിയിലേറെ പൊക്കത്തിലാണ് പ്ളാസ്റ്റിക് മാലിന്യം. രണ്ടര വര്‍ഷത്തോളമായി ഡിപ്പോയില്‍ മാലിന്യം തള്ളുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, മുമ്പ് ഇവിടെ തള്ളിയ പ്ളാസ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ളവ സംസ്കരിക്കപ്പെടാതെ കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.