കുടുംബശ്രീ പരിശീലനം തുടങ്ങി; ഇനി അക്രമിയെ നിമിഷംകൊണ്ട് കീഴടക്കും

കിളികൊല്ലൂര്‍: നിമിഷനേരം കൊണ്ട് അക്രമിയെ കീഴടക്കാനും സ്വയം രക്ഷക്കുമുള്ള മാര്‍ഗങ്ങള്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിശീലിച്ചുതുടങ്ങി. മാലപൊട്ടിക്കല്‍, ബാഗ് തട്ടിയെടുക്കല്‍, അഭിമാനക്ഷതമുണ്ടാകുന്ന മറ്റുപ്രവൃത്തികള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ആത്മധൈര്യം വീണ്ടെടുത്ത് പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള ശേഷി കൈവരിക്കാനുള്ള പരിശീലനമാണ് അഞ്ചിടങ്ങളില്‍ നടന്നത്. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍െറ നേതൃത്വത്തില്‍ മങ്ങാട് കലാ തിയറ്റേഴ്സില്‍ നടന്ന പരിശീലനം ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായാണ് വനിതാ സ്വയം പ്രതിരോധ പരിശീലനത്തിന് തുടക്കമായത്. ജില്ലയില്‍ വനിതാ പൊലീസുകാര്‍ക്കും 25 നിര്‍ഭയ ഗ്രൂപ്പുകള്‍ക്കും പരിശീലനം നല്‍കി. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ മാസ്റ്റര്‍ ട്രെയ്നര്‍മാരാക്കിയിട്ടുണ്ട്. പരിശീലനം നേടുന്നവരാണ് കിളികൊല്ലൂരിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും മൂന്നു ദിവസപരിശീലനം നല്‍കുന്നത്. ഒരുവര്‍ഷം കൊണ്ട് ജില്ലയില്‍ 25,000 വനിതകള്‍ക്ക് പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം. കായികപരിശീലനത്തിനുപുറമേ ആത്മവിശ്വാസവും ധൈര്യവും നിലനിര്‍ത്താനുള്ള പരിശീലനവും നല്‍കും. ജനമൈത്രി പൊലീസിന്‍െറ സ്ത്രീസുരക്ഷാപദ്ധതികളുടെ ഭാഗമായി സ്ത്രീകള്‍ക്ക് മാനസികവും ശാരീരികവുമായ കരുത്ത് പകരുന്നതിന് നിയമ ബോധവത്കരണവും ആത്മരക്ഷക്കുള്ള കായികപരിശീലനവുമാണ് സിറ്റി പൊലീസിന്‍െറ പരിധിയില്‍ നടക്കുന്നത്. കിളികൊല്ലൂരില്‍ നടന്ന പരിപാടിയില്‍ കണ്‍ട്രോള്‍ റൂം സി.ഐ എസ്.ഷെറീഫ് അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് ഭരണവിഭാഗം എ.സി.പി ജോര്‍ജ് കോശി പദ്ധതി വിശദീകരിച്ചു. എ.സി.പി എം.എസ്. സന്തോഷ്, വനിതാ സെല്‍ എസ്.ഐ സി.ടി സിസിലികുമാരി, കൗണ്‍സിലര്‍ ഗീതാകുമാരി, കിളികൊല്ലൂര്‍ എസ്.ഐ എച്ച്. മുഹമ്മദ് ഖാന്‍,സി.ആര്‍.ഒ വി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.