ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച കേസ്: ഒന്നാം പ്രതിക്ക് നാലുവര്‍ഷം തടവും ലക്ഷം പിഴയും

കൊല്ലം: ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച കേസില്‍ ഒന്നാം പ്രതിക്ക് നാലുവര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. വെട്ടിക്കവല ചരുവിള പുത്തന്‍വീട്ടില്‍ എസ്. ഷാജി (42) മരിച്ച കേസിലാണ് ഒന്നാം പ്രതി കണ്ണങ്കോട് നെല്ലിക്കോട്ട് വീട്ടില്‍ എസ്. സേതുവിനെ (26) പ്രിന്‍സിപ്പല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് ശിക്ഷിച്ചത്. കേസില്‍ രണ്ടാം പ്രതി മാവിള കിഴക്കതില്‍ പി. ലാലുവിന് (47) കഴിഞ്ഞമാസം ഇതേ ശിക്ഷ വിധിച്ചിരുന്നു. കേസില്‍ വിധി പറയുന്ന ദിവസം ഒന്നാം പ്രതി സേതു ഹാജരായിരുന്നില്ല. കോടതി വാറന്‍റ് പുറപ്പെടുവിച്ചതനുസരിച്ച് സറണ്ടര്‍ ചെയ്തതിനത്തെുടര്‍ന്ന് പ്രതിയെ കുറ്റക്കാരനെന്നുകണ്ട് ശിക്ഷ വിധിക്കുകയായിരുന്നു. 2010 ഡിസംബര്‍ 19ന് കണ്ണങ്കോട് ഗുരുമന്ദിരത്തിന് സമീപമായിരുന്നു സംഭവം. കണ്ണങ്കോട് മുരുകന്‍കോവിലില്‍ ഭജനമിരുന്ന കുട്ടികള്‍ ക്ഷേത്രപരിസരത്ത് കെട്ടിയ തോരണങ്ങള്‍ ഷാജി അഴിച്ചുമാറ്റുകയും അസഭ്യം പറയുകയും ചെയ്തത് ആക്രമണത്തില്‍ കലാശിച്ചിരുന്നെന്നാണ് കേസ്. സേതുവും ലാലുവും ഉള്‍പ്പെട്ട സംഘത്തിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ ഷാജി 21ന് താലൂക്കാശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ നാലുപേരാണ് അറസ്റ്റിലായത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ കോടതിയും ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായവരില്‍ മൂന്നാം പ്രതിയെയും വിട്ടയച്ചിരുന്നു. ഷാജി ആശുപത്രിയില്‍ ഭാര്യയോടും മക്കളോടും പറഞ്ഞ വിവരങ്ങള്‍ കോടതി മുഖവിലയ്ക്കെടുക്കുകയും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി കോടതിയില്‍ വഴിത്തിരിവാകുകയും ചെയ്തു. സാക്ഷികള്‍ കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകള്‍ പ്രതിക്കെതിരായി. കേസ് അന്വേഷിച്ചത് അന്നത്തെ കൊട്ടാരക്കര എസ്.ഐ മഞ്ജുലാലും സി.ഐ വിദ്യാധരനുമാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ ചവറ ഫ്രാന്‍സിസ് ജെ. നെറ്റോ, അഡ്വക്കറ്റുമാരായ ഫേബ എല്‍. സുദര്‍ശന്‍, മായ എം. കുമ്പളത്തുവിള എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.