ഭരണിക്കാവില്‍ ട്രാഫിക് സിഗ്നല്‍ വീണ്ടും മിഴിതുറന്നു

ശാസ്താംകോട്ട: ഗതാഗതക്കുരുക്കില്‍ വലയുന്ന ഭരണിക്കാവ് ടൗണില്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം ഒരു വര്‍ഷത്തിനുശേഷം പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. സ്ഥാപിച്ച് മൂന്നാംനാള്‍ സിഗ്നല്‍ സംവിധാനത്തിലെ അശാസ്ത്രീയത കാരണം റോഡപകടത്തില്‍ ഒരാള്‍ മരിച്ചതിനെതുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഈ അപാകത പരിഹരിക്കാതെയാണ് വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ പ്രാദേശിക ആസ്തിവികസനനിധിയില്‍നിന്നുള്ള അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് കെല്‍ട്രോണ്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്. നാലു പ്രധാന റോഡുകള്‍ സംഗമിക്കുന്ന കവലയില്‍ സ്ഥാപിച്ചിട്ടുള്ള വിളക്ക് ദൂരെനിന്നാല്‍ കാണാന്‍ കഴിയില്ല. സിഗ്നല്‍ സംവിധാനം ശ്രദ്ധയില്‍പ്പെടാത്തതിനെതുടര്‍ന്നാണ് മൂന്നാംനാള്‍ അപകടമുണ്ടായത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ഇതു വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. എങ്കിലും പൊലീസും ഗതാഗതനിയന്ത്രണത്തിന് രംഗത്തുണ്ട്. നാല് റോഡുകളിലും അനുബന്ധവിളക്കുകള്‍ സ്ഥാപിച്ചാലല്ലാതെ കവലയിലെ സിഗ്നല്‍ സംവിധാനംകൊണ്ട് പ്രയോജനമുണ്ടാകില്ളെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ കെല്‍ട്രോണ്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.