കാപ്പ നടപ്പാക്കുന്നത് വസ്തുനിഷ്ഠമായ ബോധ്യത്തോടെ വേണം –ജ. രാംകുമാര്‍

കൊല്ലം: പൊതുസമാധാനത്തിന് ഭീഷണിയായ വ്യക്തിയെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കാപ്പ നിയമം നടപ്പാക്കുന്നത് വസ്തുനിഷ്ഠവും അത്മനിഷ്ഠവുമായ ബോധ്യപ്പെടലിന്‍െറ അടിസ്ഥാനത്തിലാകണമെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് രാംകുമാര്‍. കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) സംബന്ധിച്ച ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പൊലീസ് മേധാവി സമര്‍പ്പിക്കുന്ന തടങ്കലിനുള്ള ശിപാര്‍ശകളില്‍ ജില്ലാ മജിസ്ട്രേറ്റ് കാലതാമസം കൂടാതെ തുടര്‍നടപടികള്‍ ആരംഭിക്കണം. അറസ്റ്റിന് വിധേയനാകുന്ന വ്യക്തിയെ ആസമയത്തുതന്നെ തടങ്കല്‍ ഉത്തരവ് വായിച്ച് കേള്‍പ്പിക്കുകയും ഉത്തരവിന്‍െറ പകര്‍പ്പ് നല്‍കുകയും വേണം. തടങ്കല്‍ ഉത്തരവിനെതിരെ സര്‍ക്കാറിനോ അഡൈ്വസറി ബോര്‍ഡിനോ എത്രയും പെട്ടെന്ന് നിവേദനം സമര്‍പ്പിക്കാന്‍ അറസ്റ്റിന് വിധേയനാകുന്നയാള്‍ക്ക് അവസരം നല്‍കണമെന്നും ജസ്റ്റിസ് രാംകുമാര്‍ നിര്‍ദേശിച്ചു. കാപ്പ നിയമത്തിലെ വിവിധ നിര്‍വചനങ്ങളെക്കുറിച്ച് ബോര്‍ഡ് അംഗം റിട്ട. ജില്ലാ ജഡ്ജി പോള്‍ സൈമണ്‍ വിശദീകരിച്ചു. കാപ്പ നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ പൊതു സമാധാനം നിലനിര്‍ത്തുന്നതില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് അഡൈ്വസറി ബോര്‍ഡ് അംഗം തോമസ് മാത്യു അഭിപ്രായപ്പെട്ടു. നിയമം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം അര്‍ഹതയുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലക്ടര്‍ എ. ഷൈനമോള്‍, സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, ബോര്‍ഡ് സെക്രട്ടറി വി.എന്‍. അജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ എ.ഡി.എം എം.എ. റഹിം, ആര്‍.ഡി.ഒ എം. വിശ്വനാഥന്‍, എ.സി.പിമാരായ റെക്സ് ബോബി അര്‍വിന്‍, എം.എസ്. സന്തോഷ്, എക്സൈസ്- ഫോറസ്റ്റ്- റവന്യൂ- പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.