തൃക്കടവൂരിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മേയര്‍

അഞ്ചാലുംമൂട്: കൊല്ലം കോര്‍പറേഷന്‍െറ ബജറ്റില്‍ തൃക്കടവൂരിനായി നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നും ഇപ്പോഴത്തെ ആശങ്കകള്‍ക്കെല്ലാം പരിഹാരം കാണുമെന്നും മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു. അഷ്ടമുടി ക്ഷേത്രമൈതാനിയില്‍ നടന്ന ‘എന്‍െറ നാട് എന്‍െറ സ്വപ്നം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. കൊല്ലം കോര്‍പറേഷനിലേക്ക് കൂട്ടിച്ചേര്‍ത്തതോടെ തൃക്കടവൂര്‍ നിവാസികള്‍ ആശങ്കയിലാണ്. തൃക്കടവൂരിലെ 3969 തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മേയര്‍ പറഞ്ഞു. നഗരത്തിന് ലഭിക്കുന്ന എല്ലാ വികസന പദ്ധതിയിലും തൃക്കടവൂരിനെയും ഉള്‍പ്പെടുത്തും. പ്രധാനമന്ത്രിയുടെ എല്ലാവര്‍ക്കും വീട് പദ്ധതി കോര്‍പറേഷനില്‍ എത്രപേര്‍ക്ക് ലഭ്യമാകുമെന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായലുമായി ബന്ധപ്പെട്ട് നിരവധി ടൂറിസം പാക്കേജുകള്‍ നടപ്പാക്കുന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും മാലിന്യമുക്ത പഞ്ചായത്താക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും തൃക്കരുവ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ചന്ദ്രശേഖരന്‍ പിള്ള പറഞ്ഞു. അഷ്ടമുടി രവികുമാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്‍. സന്തോഷ് കുമാര്‍, പനയം പഞ്ചായത്ത് പ്രസിഡന്‍റ് ഷീല, വൈസ് പ്രസിഡന്‍റ് അഡ്വ. കെ.വി. ജയകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ. രാജശേഖരന്‍, തൃക്കരുവ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ശ്രീദേവി, കൗണ്‍സിലര്‍മാരായ അഡ്വ.എം.എസ്. ഗോപകുമാര്‍, ബി. അനില്‍കുമാര്‍, ബി. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ.ആര്‍. ജയകുമാര്‍ സ്വാഗതവും കെ.ബി. വസന്തകുമാര്‍ നന്ദിയും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.