കരാറുകാരുടെ തര്‍ക്കം; റോഡുപണി തടസ്സപ്പെട്ടു

അഞ്ചല്‍: കരാറുകാര്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് റോഡുപണി തടസ്സപ്പെട്ടു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തോയിത്തല-ഒറ്റത്തെങ്ങ് റോഡിന്‍െറ പ്രവൃത്തിയാണ് മുടങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികളുടെ കാലത്താണ് റോഡ് പുനരുദ്ധാരണത്തിന് ജില്ലാ പഞ്ചായത്ത് 16.6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. മെറ്റലിടാനും ടാറിങ്ങിനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇത് പരിഗണിക്കാതെ അഞ്ചല്‍ ബ്ളോക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപ കൂടി രണ്ട് ഘട്ടങ്ങളിലായി അനുവദിച്ചു. അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് വേണ്ടെന്നത് അനുസരിച്ച് മൂന്നര ലക്ഷം വീതമുള്ള രണ്ട് എസ്റ്റിമേറ്റുകള്‍ തയാറാക്കി അറ്റകുറ്റപ്പണി നടത്താനായിരുന്നു കരാറുകാരന്‍െറ ശ്രമം. ഇതിനായി പാറപ്പൊടിയും മെറ്റലും റോഡിലിറക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ പഞ്ചായത്തിന്‍െറ കരാറുകാരന്‍ പ്രവൃത്തി തുടങ്ങുന്നതിനായി സാമഗ്രികള്‍ ഇറക്കാന്‍ വന്നപ്പോഴാണ് പ്രശ്നം ഉടലെടുത്തത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എങ്ങനെയെങ്കിലും പണിതീര്‍ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ഒരു റോഡിനുതന്നെ ഒരേ സ്വഭാവത്തിലുള്ള പ്രവൃത്തിക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും ബ്ളോക് പഞ്ചായത്തില്‍ നിന്നും ഫണ്ടനുവദിച്ചത് നിയമവിരുദ്ധമാണെന്നും ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതിയാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നു. കൂടാതെ ജില്ലാ പഞ്ചായത്തിന്‍െറയും ബ്ളോക് പഞ്ചായത്തിന്‍െറയും എസ്റ്റിമേറ്റുകളിലെ അന്തരവും സംശയാസ്പദമാണ്. ഒന്നര കിലോമീറ്റര്‍ ദൂരമാണ് പ്രസ്തുത റോഡിനുള്ളത്. ഏറെക്കാലമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നതും ഏറെ പ്രധാനപ്പെട്ട റോഡുമാണിത്. അഞ്ചല്‍-കരവാളൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെയും രണ്ട് ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളെയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെയും വേര്‍തിരിക്കുന്ന അതിര്‍ത്തി റോഡുകൂടിയാണ് ഇത്. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടനുവദിച്ച വിവരം ചൂണ്ടിക്കാട്ടി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഫ്ളക്സ് ബോര്‍ഡ് വെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.