മന്ത്രിയുടെ ഉറപ്പ് പാഴായി

കുന്നിക്കോട്: പട്ടാഴിയില്‍ പൊലീസ് സ്റ്റേഷന്‍ എന്ന ആവശ്യം സ്വപ്നമായി തുടരും. സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയ ആഭ്യന്തരമന്ത്രിതന്നെ അതു നിഷേധിച്ചതോടെയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പ് വെറുതേയായത്. മൂന്ന് വര്‍ഷം മുമ്പ് പത്തനാപുരം സി.ഐ ഓഫിസിന്‍െറ ഉദ്ഘാടനച്ചടങ്ങിലാണ് പട്ടാഴി കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചതായി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. നിലവില്‍ പട്ടാഴി പഞ്ചായത്ത് കുന്നിക്കോട് സ്റ്റേഷന് കീഴിലും പട്ടാഴി വടക്കേക്കര പത്തനാപുരം സ്റ്റേഷന് കീഴിലുമാണ്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും പതിവാകുന്ന ഈ പ്രദേശങ്ങളില്‍ പൊലീസ് എത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളയുകയാണ് പതിവ്. നാനൂറിലധികം കേസുകള്‍ പ്രതിമാസം രജിസ്റ്റര്‍ ചെയ്യുന്ന ഈ സ്റ്റേഷനുകളില്‍ പകുതിയോളം കേസുകള്‍ പോലും തീര്‍പ്പാക്കാന്‍ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് സി.ഐ ഓഫിസ് ഉദ്ഘാടനവേളയിലാണ് ഗണേഷ്കുമാര്‍ എം.എല്‍.എയും കൊടിക്കുന്നില്‍ സുരേഷ് എം.പിയും പൊലീസ് സ്റ്റേഷന്‍െറ ആവശ്യകതയെപ്പറ്റി ചൂണ്ടിക്കാട്ടുകയും അനുവദിക്കുന്നതായി മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തത്. കെട്ടിടം ഏറ്റെടുത്ത് വാടക നല്‍കാമെന്ന് പട്ടാഴി പഞ്ചായത്തും സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍, കഴിഞ്ഞ ദിവസം നെടുവന്നൂരില്‍ ഫയര്‍സ്റ്റേഷന്‍ ഉദ്ഘാടനവേളയില്‍ എം.പിയും എം.എല്‍.എയും വീണ്ടും ഇക്കാര്യം ഓര്‍മിപ്പിച്ചപ്പോഴാണ് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും സ്റ്റേഷന് തല്‍ക്കാലം സാധ്യതയില്ളെന്നും ആഭ്യന്തരമന്ത്രിതന്നെ പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.