കൊല്ലം: വാടിയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന കൂടങ്ങള്‍ക്ക് തീപിടിച്ച് വലകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഏകദേശം പത്തര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കൂടങ്ങളില്‍ തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ അഗ്നിശമന സേനയില്‍ വിവരമറിയിച്ചു. മൂന്നു കൂടങ്ങളും അതിനുള്ളിലെ വലകളും സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോക്കര്‍ മുറികളുടെ വാതിലുകള്‍ എന്നിവയാണ് കത്തി നശിച്ചത്. വാടി ന്യൂ കോളനി ആറാം നമ്പര്‍ വീട്ടിലെ ജേക്കബ്, നെല്‍സണ്‍, ജോണ്‍ എന്നിവരുടെ കൂടങ്ങളാണ് കത്തിയത്. ജേക്കബിന് അഞ്ച് ലക്ഷത്തിന്‍െറയും നെല്‍സന് രണ്ട് ലക്ഷത്തിന്‍െറയും ജോണിന് മൂന്നര ലക്ഷത്തിന്‍െറയും നഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. സ്ഥലത്ത് ഫോറന്‍സിക് അധികൃതര്‍ പരിശോധന നടത്തി. നാട്ടുകാരും അഗ്നിശമനസേനയും നടത്തിയ സമയോചിത ഇടപെടല്‍കൊണ്ട് സമീപത്തെ കൂടങ്ങളിലേക്ക് തീപടര്‍ന്നില്ല. 200 ഓളം മത്സ്യബന്ധന നൗകകളുള്ള വാടിയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ 28 ലോക്കര്‍ മുറികള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ ഇവ തികയാത്തതിനാല്‍ താല്‍ക്കാലിക കൂടങ്ങള്‍ നിര്‍മിച്ചാണ് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത്. ഷീറ്റും മരക്കമ്പുകളും ഉപയോഗിച്ച് നിര്‍മിക്കുന്ന കൂടങ്ങളില്‍ വേഗത്തില്‍ തീപടരും. 28 ലോക്കര്‍ മുറികള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും വൈദ്യുതിയും വെള്ളവുമില്ല. ആവശ്യത്തിന് ലോക്കര്‍ മുറികള്‍ ഇല്ലാത്തതാണ് വലയും മറ്റുപകരണങ്ങളും നശിക്കാന്‍ ഇടയാക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.