പരവൂര്‍: യാത്രാദുരിതത്തിന്‍െറ എട്ടാണ്ട് പിന്നിടുമ്പോഴും ചാത്തന്നൂര്‍-പരവൂര്‍ റോഡ് മരണക്കെണിയായി തുടരുന്നു. എട്ടുവര്‍ഷത്തിലധികമായി തകര്‍ന്നുകിടന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായത് പരവൂര്‍ ടൗണ്‍ മുതല്‍ മീനാട് ക്ഷേത്രം വരെ മാത്രം. ചാത്തന്നൂര്‍ തിരുമുക്കു മുതല്‍ പരവൂര്‍ വെരെ ഏഴു കിലോമീറ്റര്‍ റോഡിന്‍െറ പുനര്‍നിര്‍മാണത്തിന് ഏഴ് കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഏഴര മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന നിലവാരത്തില്‍ പുനര്‍നിര്‍മാണം നടത്താനാണ് പദ്ധതി. റോഡിന്‍െറ നിര്‍മാണം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വിശദമായ രൂപരേഖ മുന്‍കൂട്ടി തയാറാക്കാത്തതിനാല്‍ തുടക്കത്തില്‍ത്തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകിടംമറിഞ്ഞു. എസ്റ്റിമേറ്റ് അംഗീകരിച്ച് പണി കരാറായതിനുശേഷമാണ് റോഡിന്‍െറ ചില ഭാഗങ്ങളില്‍ ഉയരക്കൂടുതല്‍ വേണമെന്നുള്ള കാര്യം പൊതുമരാമത്തുവകുപ്പിന് ബോധ്യമായത്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന നെടുങ്ങോലം വടക്കേമുക്കില്‍ ഉയരം കൂട്ടാനും പരവൂര്‍ ദയാബ്ജി ജങ്ഷനു സമീപം ചപ്പാത്തുള്ള ഭാഗത്ത് ഉയരം കൂട്ടി ഓട നിര്‍മിക്കാനും പിന്നീടാണ് തീരുമാനിച്ചത്. ഇതിന് ഒരു കോടി രൂപ വകമാറ്റി. ഇത്രയും പണം ചെലവഴിച്ച് നിര്‍മാണം നടത്തിയിട്ടും വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടില്ല. വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമില്ലാത്തതാണ് പ്രശ്നകാരണം. ഓട നിര്‍മിച്ചെങ്കിലും വെള്ളം ഒലിച്ചിറങ്ങുന്നില്ല. മാറിയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കേണ്ട സാഹചര്യമുണ്ടായി. ഇതിന്‍െറ പേരില്‍ മാസങ്ങളോളം നിര്‍മാണം മുടങ്ങി. പിന്നീട് നിലവിലുള്ള തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താന്‍ ധാരണയായി. ഏഴുകിലോമീറ്റര്‍ മൂന്നു ഭാഗങ്ങളാക്കി. പരവൂര്‍ ജങ്ഷന്‍ മുതല്‍ ദയാബ്ജി ജങ്ഷനുസമീപം വരെ ഒരു കിലോമീറ്റര്‍ ഭാഗം ഒരാള്‍ക്കും അവിടം മുതല്‍ മീനാട് ധര്‍മശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റര്‍ ഭാഗം മറ്റൊരാള്‍ക്കും നല്‍കി. ശേഷിക്കുന്ന തിരുമുക്കുവരെയുള്ള ഭാഗത്തിന് പണം തികയാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചു. ഇതില്‍ പരവൂര്‍ ജങ്ഷന്‍ മുതലുള്ള ഒരു കിലോമീറ്റര്‍ ആദ്യം പൂര്‍ത്തീകരിച്ചു. ഒരുവര്‍ഷം കഴിഞ്ഞാണ് മീനാട് ക്ഷേത്രം വരെയുള്ള ഭാഗത്ത് പണി പൂര്‍ത്തിയായത്്. ജോലികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ള പണം നല്‍കാന്‍ പൊതുമരാമത്തു വകുപ്പ് തയാറാകാത്തതാണ് പണി അനിശ്ചിതമായി നീളാന്‍ കാരണമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, മീനാട് ക്ഷേത്രം മുതല്‍ തിരുമുക്കുവരെയുള്ള ഭാഗത്തെ അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് ആരംഭിച്ച ശേഷവും ഇഴഞ്ഞുനീങ്ങുകയാണ്. പാലമുക്കിനു സമീപം രണ്ടിടത്ത് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളില്‍ ഇന്‍റര്‍ലോക്ക് ചെയ്യുന്ന ജോലി പൂര്‍ത്തിയായിട്ടുതന്നെ മാസങ്ങള്‍ കഴിഞ്ഞു. ശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായും കുണ്ടും കുഴിയുമായി കിടക്കുന്നു. ഇളകിക്കിടക്കുന്ന മെറ്റലുകളില്‍ തട്ടി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. റോഡിന്‍െറ ഇരുവശങ്ങളിലും കിടന്ന മണ്ണ് പ്രദേശമാകെ നിരന്നതിനാല്‍ അസഹ്യമായ പൊടിശല്യവുണ്ട്. ഇതിനുപുറമെ പരവൂരിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. പൊഴിക്കര റോഡ് പരവൂര്‍ ജങ്ഷന്‍ മുതല്‍ മണിയംകുളം പാലം വരെ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നു. ജങ്ഷനിലും മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുമാണ് ഏറ്റവും ദുഷ്കരമായ അവസ്ഥ. തെക്കുംഭാഗം റോഡ് പരവൂര്‍ ജങ്ഷന്‍ മുതല്‍ കുട്ടൂര്‍ പാലം വരെയും ഇതേ അവസ്ഥയില്‍ തന്നെ. മണിയംകുളം ടി.എസ്. കനാലിനു സമാന്തരമായി മണിയംകുളം പാലം മുതല്‍ കുട്ടൂര്‍ പാലം വരെയുള്ള റോഡില്‍ ഫ്ളോര്‍ക്കോക്കുസമീപം ജലവിതരണ പൈപ്പ് തകര്‍ന്ന് രൂപപ്പെട്ട അപകടകരമായ കുഴികള്‍ അതേപടി കിടക്കുന്നു. ഇടക്കിടെ ഓട്ടയടക്കല്‍ നടക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പഴയപടിയാകുന്നതാണനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.