ഓയൂര്‍: മുട്ടറ മരുതിമലയില്‍ സാമൂഹികവിരുദ്ധര്‍ ഉണങ്ങിയ പുല്ലിന് തീയിട്ടതില്‍ 30 ഏക്കര്‍ നശിച്ചു. ഇക്കോടൂറിസം പദ്ധതിക്കായുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു. പാറയില്‍ കുടുങ്ങിയ അഞ്ച് കുരങ്ങുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സമുദ്രനിരപ്പില്‍ നിന്ന് 1000 അടി മുകളിലുള്ള 36 ഏക്കര്‍ ഭൂരിഭാഗവും കത്തിനശിച്ചു. ഫലവൃക്ഷങ്ങളും ഒൗഷധച്ചെടികളും മരങ്ങളും അഗ്നിക്കിരയായി. ശനിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. തീ പടരുന്നത് കണ്ട് നിലവിളിച്ച സന്ദര്‍ശകരുടെ ശബ്ദംകേട്ടാണ് നാട്ടുകാര്‍ എത്തിയത്. തുടര്‍ന്ന് കൊട്ടാരക്കരനിന്ന് അഗ്നിശമനസേനയും എത്തി. മലയുടെ മുകളിലേക്ക് പൈപ്പ് വഴി വെള്ളം ചീറ്റിയെങ്കിലും ശമനമുണ്ടായില്ല. കാറ്റാടിപ്പാറ, ഭഗവാന്‍പാറ, കിഴക്ക് വസൂരിപ്പാറ, തെക്ക് അത്തിപ്പാറ, നമയ്ക്കാംപൊയ്ക, പുളിച്ചാണ്‍ എന്നിവിടങ്ങളിലാണ് തീ നാശമുണ്ടാക്കിയത്. രണ്ടാള്‍പൊക്കത്തില്‍ വളര്‍ന്നുനിന്ന പുല്ലുകള്‍ നിമിഷങ്ങള്‍ക്കകം ഇല്ലാതായി.ഈ സമയത്ത് മലയില്‍ സന്ദര്‍ശനത്തിന് ഇരുപതോളം വിനോദസഞ്ചാരികള്‍ എത്തിയിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവസമയം കാറ്റാടിപ്പാറയുടെ മുകളിലായിരുന്നു ഇവര്‍. പാറയുടെ കിഴക്ക് വശത്തെ പുല്ലിന് തീ കത്തുന്നത് കണ്ട് സന്ദര്‍ശകര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാറക്ക് ചുറ്റും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് തീ മലയിലാകെ പടര്‍ന്നു പിടിക്കുന്നതിനിടെ കാറ്റാടി പാറയുടെ ഒരു ഭാഗത്ത് അല്‍പം ശമനമുണ്ടായി. തുടര്‍ന്ന് സമീപത്തെ റബര്‍തോട്ടം വഴി സന്ദര്‍ശകര്‍ രക്ഷപ്പെടുകയായിരുന്നു. നിരവധി കുരങ്ങുകള്‍ പാറയിടുക്കില്‍ കുടുങ്ങിപ്പോയിരുന്നു. ചില കുരങ്ങുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇക്കോടൂറിസം പദ്ധതിയുടെ കെട്ടിടങ്ങളില്‍ ഒന്ന് ഒരാഴ്ചമുമ്പ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തിരുന്നു. ബാക്കി കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടാക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ തകര്‍ത്ത കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടപ്രവര്‍ത്തനത്തിനായി 36 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍, രണ്ടാംഘട്ട പ്രവര്‍ത്തനത്തിനായി തുക അനുവദിക്കണമെങ്കില്‍ ഉദ്ഘാടനം നടത്തണമെന്നാണ് വ്യവസ്ഥ. ഇപ്പോള്‍ തീയില്‍ കെട്ടിടങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും ഭാഗികമായി നശിച്ചു. 15ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.