ഓണ്‍ലൈന്‍ പോക്കുവരവ് 20 വില്ളേജുകളില്‍

കൊല്ലം: ജില്ലയിലെ തെരഞ്ഞെടുത്ത 20 വില്ളേജുകളില്‍ ശനിയാഴ്ച മുതല്‍ പോക്കുവരവ് ഓണ്‍ലൈനില്‍ ലഭ്യമാകും. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ചിറക്കര, ആദിച്ചനല്ലൂര്‍, തേവലക്കര, ചവറ, കരുനാഗപ്പള്ളി, വടക്കുംതല, തൊടിയൂര്‍, തഴവ, ഓച്ചിറ, ആലപ്പാട്, ക്ളാപ്പന, പാവുമ്പ, ആദിനാട്, പവിത്രേശ്വരം, അഞ്ചല്‍, പട്ടാഴി, പട്ടാഴി നോര്‍ത് എന്നീ വില്ളേജുകളിലാണ് ഈ സംവിധാനം ലഭിക്കുക. സംസ്ഥാന ഐ.ടി മിഷന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍, രജിസ്ട്രേഷന്‍ വകുപ്പ്, അക്ഷയ എന്നിവയുടെ സഹകരണത്തോടെയാണ് സംയോജിത പോക്കുവരവ് സംവിധാനം നടപ്പാക്കുന്നത്. രജിസ്ട്രേഷന്‍ നടക്കുന്ന ദിവസംതന്നെ പോക്കുവരവും ചെയ്തുകിട്ടുന്നു എന്നതാണ് പ്രത്യേകത. കേന്ദ്ര സര്‍ക്കാറിന്‍െറ നാഷനല്‍ ലാന്‍ഡ് റെക്കോഡ്സ് മോഡണൈസേഷന്‍ പ്രോഗ്രാമിന്‍െറ (എന്‍.എല്‍.ആര്‍.എം.പി) ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് പദ്ധതി നടപ്പാക്കിയ തിരുവനന്തപുരം ഒഴികെ ജില്ലകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം നടപ്പാക്കുന്ന ആദ്യജില്ലയാണ് കൊല്ലം. ജില്ലയിലെ 105 വില്ളേജുകളില്‍ 86 എണ്ണത്തില്‍ റീസര്‍വേ പൂര്‍ത്തിയായി. 28 വില്ളേജുകളില്‍ ഭൂനികുതി രജിസ്റ്ററുകളിലെ വിവരങ്ങളുടെ ഡാറ്റ എന്‍ട്രി പ്രവൃത്തിയും പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ വില്ളേജുകളില്‍ക്കൂടി ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം വ്യാപിപ്പിക്കും. റിലിസ് (റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സോഫ്റ്റ്വെയറിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്ട്രേഷന്‍ കഴിഞ്ഞാലുടന്‍ അപേക്ഷ വില്ളേജ് ഓഫിസില്‍ ഓണ്‍ലൈനായി എത്തും. ആധാരത്തിലെ വിവരങ്ങളും വില്ളേജ് രേഖകളിലെ വിവരങ്ങളും ശരിയാണെങ്കില്‍ ഉടന്‍ പോക്കുവരവ് ചെയ്യും. നടപടികള്‍ പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പ്രിന്‍റ് എടുത്ത് നല്‍കും. കൂടാതെ, നടപടി പൂര്‍ത്തിയാകുമ്പോള്‍തന്നെ അപേക്ഷകന് എസ്.എം.എസിലൂടെ അറിയിപ്പും ലഭിക്കും. പദ്ധതി സമ്പൂര്‍ണമാകുമ്പോള്‍ അപേക്ഷകന് ഓണ്‍ലൈനിലൂടെ നികുതി അടയ്ക്കാനും കൈവശ ഭൂമിയുടെ സ്കെച്ച് കാണാനും കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.