സര്‍വിസ് മുടക്കി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി

കൊല്ലം: ഡ്രൈവര്‍മാരില്ലാതെ വലയുന്ന കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ പ്രതിസന്ധിയിലാക്കി കൂട്ടപരീശീലനം. തിങ്കളാഴ്ച ആരംഭിക്കുന്ന സി.സി.ആര്‍.എ പരിശീലനത്തിനാണ് കൂട്ടത്തോടെ ഡ്രൈവര്‍മാര്‍ പോകുന്നത്. ഇതോടെ 25 സര്‍വിസുകളാണ് റദ്ദ് ചെയ്യുന്നത്. കൊല്ലം ഡിപ്പോയില്‍ ഇപ്പോള്‍ 30 ഡ്രൈവര്‍മാരുടെ കുറവുണ്ട്. 148 ഷെഡ്യുളുകളില്‍ ഡ്രൈവര്‍മാരില്ലാത്തതിനാല്‍ 125ല്‍ താഴെ മാത്രമാണ് സ്ഥിരമായി നടത്താറുള്ളത്. ഇതിനിടെയാണ് ഡ്രൈവര്‍മാരെ കൂട്ടത്തോടെ പരിശീലനത്തിന് അയക്കുന്നത്. ഡീസല്‍ ഉപഭോഗം കുറയ്ക്കലും അപകടരഹിതമായ ഡ്രൈവിങ്ങുമാണ് പരിശീലനത്തിലുള്ളത്. ഒരു ഡ്രൈവര്‍ക്ക് മൂന്നു ദിവസത്തെ പരിശീലനമാണ്. 25 ഡ്രൈവര്‍മാര്‍ വീതമുള്ള മൂന്ന് ബാച്ചുകളായാണ് പരിശീലനം. മുന്‍ വര്‍ഷങ്ങളില്‍ വിവിധ ഘട്ടങ്ങളായായിരുന്നു പരിശീലനം. ഒരു സമയം ഡിപ്പോയില്‍നിന്ന് മൂന്ന് ഡ്രൈവര്‍മാരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ സര്‍വിസിനെ ബാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കുളത്തൂപ്പുഴ, ചെങ്ങന്നൂര്‍, പത്തനംതിട്ട, ദളവാപുരം മേഖലകളിലേക്കുള്ള സര്‍വീസുകളാകും കൂടുതലായും വെട്ടിച്ചുരുക്കുക. 25 സര്‍വിസുകള്‍ ദിവസവും റദ്ദാക്കുമ്പോള്‍ നാലു ലക്ഷം രൂപയിലധികം നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂട്ടത്തോടെ സര്‍വിസ് വെട്ടിച്ചുരുക്കുന്നത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന ആരോപണമുണ്ട്. സര്‍വിസ് റദ്ദാവാത്ത രീതിയില്‍ പരിശീലനം നടത്തണമെന്ന സംഘടനകളുടെ ആവശ്യവും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.