പുനലൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടും കുടിവെള്ളക്ഷാമവും നേരിടുന്ന പുനലൂരില്‍ ജപ്പാന്‍, കുരിയോട്ടുമല പദ്ധതികളില്‍നിന്ന് ജലം വിതരണം ചെയ്യാന്‍ അനുമതിയായി. വര്‍ഷങ്ങളായി നഗരസഭാ പ്രദേശത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് ഇതോടെ താല്‍ക്കാലിക പരിഹാരമാകും. ജപ്പാന്‍ പദ്ധതിയില്‍നിന്ന് അഞ്ച് എം.എല്‍.ഡിയും കുരിയോട്ടുമലയില്‍നിന്ന് ഒരു എം.എല്‍.ഡി വെള്ളവുമാണ് നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ചെയര്‍മാന്‍ ജലസേചന മന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. ജപ്പാന്‍ പദ്ധതിയിലെ വെള്ളം കേളങ്കാവ്, അഷ്ടമംഗലം, മണിയാര്‍, പരവട്ടം, തൊളിക്കോട്, പവര്‍ഹൗസ്, കലുങ്കുംമുകള്‍, കോമളംകുന്ന് വാര്‍ഡുകളിലും കുരിയോട്ടുമലയിലേത് നെല്ലിപ്പള്ളി, വിളക്കുവെട്ടം, കല്ലാര്‍, തുമ്പോട് വാര്‍ഡുകളിലും വിതരണം ചെയ്യും. നിലവിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈനിലൂടെയാണ് വിതരണം. വെള്ളം ലഭ്യമാക്കാന്‍ ആവശ്യമായിവരുന്ന 1.10 കോടി നഗരസഭ വാട്ടര്‍ അതോറിറ്റിയില്‍ ഉടന്‍ ഒടുക്കും. ഇവയുടെ പൈപ്പ്ലൈന്‍ ബന്ധിപ്പിച്ച് ആറുമാസത്തിനുള്ളില്‍ വെള്ളം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു. 35 വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പദ്ധതിയില്‍നിന്നാണ് നഗരസഭയില്‍ ഇപ്പോള്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. 10 എം.എല്‍.ഡി വെള്ളമാണ് ദിവസവും ആവശ്യമുള്ളത്. എന്നാല്‍, പദ്ധതിയുടെ കാലപ്പഴക്കവും പൈപ്പ് പൊട്ടലും കാരണം നാല് എം.എല്‍.ഡിയാണ് ലഭിക്കുന്നത്. ജലക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ പര്യാപ്തമായ 20 എം.എല്‍.ഡി ശേഷിയുള്ള പദ്ധതി തയാറായിവരുകയാണ്. 300 കോടിയോളം ചെലവ് കണക്കാക്കുന്ന ഇത് പൂര്‍ത്തിയാകണമെങ്കില്‍ 10 വര്‍ഷത്തിലധികം വേണ്ടിവരും. നിര്‍മാണം നടക്കുന്ന മഞ്ഞമണ്‍കാല പദ്ധതിയില്‍നിന്ന് ആവശ്യമായ വെള്ളം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.