പത്തനാപുരം: ജില്ലയിലെ ഏറ്റവും വലിയ കാവുകളിലൊന്നായ കമുകുംചേരി കാവ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജലസേചനവകുപ്പിന്‍െറ പദ്ധതി പ്രകാരമാണ് നവീകരണം. കാവ് പൂര്‍ണമായും ഉള്‍പ്പെടുത്തി സംരക്ഷണഭിത്തി നിര്‍മിക്കുകയാണ് ആദ്യപ്രവര്‍ത്തനം. കല്ലടയാറിന്‍െറ തീരത്ത് ഏകദേശം 2.84 ഏക്കര്‍ വ്യാപിച്ചുകിടന്ന സംരക്ഷിതമേഖലയാണിത്. കാവിന്‍െറ വശങ്ങള്‍ ആറ്റിലേക്ക് ഇടിഞ്ഞിറങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കാവിന്‍െറ ഭൂരിഭാഗവും ഇല്ലാതായി. കമുകുംചേരി ദേവസ്വം ബോര്‍ഡ് ഭൂമിയിലാണ് കാവ് നിലനില്‍ക്കുന്നത്. അപൂര്‍വ ഇനത്തില്‍പ്പെട്ട 50ഓളം വന്‍വൃക്ഷങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആറ്റിലേക്ക് പിഴുതുവീണു. സംരക്ഷിത തീരമേഖലയായി സര്‍ക്കാര്‍ പരിഗണിച്ചിരുന്ന കാവിന്‍െറ നാശത്തിന്‍ പ്രധാനകാരണം ആറ്റിലെ മണലൂറ്റാണ്. കരയിടിച്ചാണ് കാവില്‍കടവില്‍ മണല്‍ വാരിയിരുന്നത്. എന്നാല്‍, പിറവന്തൂര്‍, തലവൂര്‍ പഞ്ചായത്തുകളെ യോജിപ്പിച്ച് പാലം യാഥാര്‍ഥ്യമായതോടെ മണല്‍ വാരല്‍ കുറഞ്ഞു. പാലം നിര്‍മാണവേളയില്‍ കാവിന്‍െറ ഒരു വശത്ത് മണ്ണിട്ട് ഉയര്‍ത്തിയതോടെ ആറിന്‍െറ ഗതി മാറി. കിഴക്കുഭാഗത്തുനിന്ന് വരുന്ന ജലം കാവിന്‍െറ തിട്ടയിലിടിച്ചാണ് ഒഴുകുന്നത്. കാവിന്‍െറ തീരം ചേര്‍ന്ന് ഒഴുക്ക് ശക്തമായതോടെ തിട്ടകള്‍ ഇടിഞ്ഞിറങ്ങിത്തുടങ്ങി. നൂറ്റാണ്ട് പഴക്കമുളള നിരവധി വൃക്ഷങ്ങള്‍ ഇത്തവണയും നഷ്ടമായിരുന്നു. വള്ളിപ്പടര്‍പ്പുകളും ഒൗഷധസസ്യങ്ങളും നശിക്കുകയും ചെയ്തു. അകില്‍, വെള്ളപ്പൈന്‍, തമ്പകം, കാട്ടുകടമ്പ്, ഇരുള്‍ തുടങ്ങിയ മരങ്ങള്‍ കാവില്‍ ഉണ്ടായിരുന്നു. കാവിലെ ജീവികളുടെ ആവാസവ്യവസ്ഥയിലും വളരെയധികം കുറവുണ്ടായിട്ടുണ്ട്. കല്ലടയാറ്റിന്‍െറ തീരസംരക്ഷണത്തിനായുള്ള റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ചാണ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 42 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. വശങ്ങളില്‍ കരിങ്കല്‍ ഉപയോഗിച്ചുള്ള സംരക്ഷഭിത്തിയാണ് നിര്‍മിക്കുക. മാര്‍ച്ചോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. കാവില്‍ കടവ് പാലം മുതല്‍ ആറ്റിലെ പാറക്കെട്ടുകള്‍ക്ക് സമീപം വരെയാണ് നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.