പദ്ധതികള്‍ ബജറ്റ് പ്രസംഗത്തിലെ കൈയടിയോടെ അവസാനിച്ചു

കൊല്ലം: വാനോളം പ്രതീക്ഷകളായിരുന്നു കഴിഞ്ഞതവണ നഗരസഭയില്‍ അവതരിപ്പിച്ച ബജറ്റിലും. പല പദ്ധതികള്‍ക്കും ലക്ഷങ്ങളും കോടികളും മാറ്റിവെച്ചു. പക്ഷേ, വര്‍ഷമൊന്നുപിന്നിട്ടിട്ടും പദ്ധതികളൊക്കെയും ബജറ്റ്പ്രസംഗത്തിലെ കൈയടിയോടെ അവസാനിച്ചു. പിന്നീടാരും അതിനെപ്പറ്റി പറയുകയോ കേള്‍ക്കുകയോ ചെയ്തില്ല. ഇനിയുള്ള ബജറ്റ് കാലത്തെങ്കിലും നടപ്പാക്കാന്‍ പറ്റാത്ത പദ്ധതികള്‍ മറക്കരുതെന്നാണ് പൊതുജനം പറയുന്നത്. കടപ്പാക്കട ജങ്ഷനിലെയും നഗരത്തിലെയും ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിന് അര്‍ബന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫൈ്ളഓവര്‍ നിര്‍മിക്കുമെന്നതായിരുന്നു പ്രഖ്യാപനങ്ങളിലൊന്ന്. ഇതിനായി കെ.എസ്.യു.ഡി.പി എസ്റ്റിമേറ്റ് വരെ തയാറാക്കിയെങ്കിലും പദ്ധതി മറന്ന മട്ടാണിപ്പോള്‍. ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്കരിക്കാനുള്ള പ്ളാന്‍റ്, കിണര്‍ റീചാര്‍ജിങ്, ഭവനരഹിതര്‍ക്ക് ഫ്ളാറ്റുകള്‍, പി.എച്ച് സെന്‍ററുകളില്‍ സൗജന്യ ലാബുകള്‍, കല്ലുംതാഴം, അയത്തില്‍, ഇരവിപുരം, താലൂക്ക് കച്ചേരി എന്നിവിടങ്ങളില്‍ ഫൈ്ളഓവര്‍ എന്നൊക്കെയായിരുന്നു നടക്കാതെ പോയ പ്രഖ്യാപനങ്ങളില്‍ ചിലത്. നഗരത്തെ ഹൈടെക്കും ന്യൂജനുമാക്കാനായി നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു നഗരത്തിലെ എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്നതിന് ‘വൈ-ഫൈ സിറ്റി’. എല്ലാ ബസ് സ്റ്റോപ്പുകളിലും മൊബൈല്‍ റീ ചാര്‍ജിങ് സംവിധാനം, ആധുനികസംവിധാനങ്ങളോടെയുള്ള ഇ-ടോയ്ലെറ്റുകള്‍ എന്നിവ എവിടെയെന്ന് ആരും ചോദിക്കരുത്. നഗരസഭയുടെ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിന് എല്ലാ ഡിവിഷനിലും സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. കോര്‍പറേഷന്‍ പരിധിയില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നവര്‍ക്കും ബീച്ചിലെ കച്ചവടക്കാര്‍ക്കും ഐഡന്‍റിറ്റി കാര്‍ഡ് എര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആശ്രാമം ലിങ്ക്റോഡിന് സമീപം സ്വിവറേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ്, സ്ളാട്ടര്‍ ഹൗസിന്‍െറ നവീകരണം, പാതയോരങ്ങളുടെ സൗന്ദര്യവത്കരണം ഇങ്ങനെ ചില പദ്ധതികള്‍ മാത്രമാണ് വെളിച്ചം കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.