ഏറത്തുചിറ നശിക്കുന്നു; അധികൃതര്‍ക്ക് മൗനം

കൊട്ടിയം: പറക്കുളം ഏറത്തുചിറ സംരക്ഷണമില്ലാതെ നശിച്ചിട്ടും അധികൃതര്‍ക്ക് മൗനം. മയ്യനാട് പഞ്ചായത്തില്‍ ഇത്തരത്തില്‍ രണ്ട് ചിറകളാണ് നശിക്കുന്നത്. ഉമയനല്ലൂര്‍ കുടിയിരുന്ന് വയലിനോട് ചേര്‍ന്ന ഏക്കറുകള്‍ വരുന്ന ഏറത്തുചിറ മാലിന്യം നിറഞ്ഞ് മലിനജല സംഭരണകേന്ദ്രമായി. ചിറക്കുചുറ്റും കല്‍പ്പടവുകള്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കൊട്ടിയം ജങ്ഷനിലും പരിസരത്തുമുള്ള മലിനജലം ഒഴുകിയത്തെുന്നത് ചിറയിലേക്കാണ്. മലിനജലം ചിറയിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടിയൊന്നും പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷം മുമ്പുവരെ ശുദ്ധജലം നിറഞ്ഞുകിടന്ന ചിറയില്‍ പഞ്ചായത്ത് അധികൃതര്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതി നടപ്പാക്കിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഏറത്തുചിറയില്‍ ശുദ്ധജലം നിന്നിരുന്നപ്പോള്‍ പരിസരത്തെ വീടുകളിലെ കിണറുകളില്‍ വെള്ളം ലഭിക്കുമായിരുന്നു. ചിറയില്‍ മലിനജലമായതോടെ കിണറുകളിലെ വെള്ളവും മലിനമായ നിലയിലാണ്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളിലൊന്നാണ് മയ്യനാട്. പറക്കുളം ഏറത്തുചിറ ഭാഗത്തായിരുന്നു മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ത്രിതല പഞ്ചായത്തുകള്‍ ഇടപെട്ട് ചിറ സംരക്ഷിച്ചില്ളെങ്കില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചിറ വൃത്തിയാക്കി നീന്തല്‍ക്കുളം സ്ഥാപിക്കണമെന്നും പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മയ്യനാട് പഞ്ചായത്തില്‍പെട്ട ഉമയനല്ലൂര്‍ കോവുചിറയും മാലിന്യവും കുളവാഴയും പായലും നിറഞ്ഞുകിടക്കുകയാണ്. ഇവിടെയും മലിനജലം കെട്ടിനില്‍ക്കുന്നതിനാല്‍ പരിസരത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായ പരാതിയും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.