ഭൂവിഭവ വിവരസംവിധാനത്തിന് വിപുലമായ സാധ്യത –മന്ത്രി

കൊല്ലം: സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയാറാക്കിയ ഭൂവിഭവ വിവര സംവിധാനം വിപുലമായ സാധ്യതകളിലേക്ക് വഴിതുറക്കുന്നതാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. ചിന്നക്കട സി.എസ്.ഐ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജില്ലയുടെ ഭൂവിവരസംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവഴി ലഭ്യമാകുന്ന കൃഷി, ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, മണ്‍തരങ്ങള്‍ തുടങ്ങിയ സംബന്ധിച്ച വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും. ലാന്‍ഡ് റവന്യൂരേഖകളും മറ്റും ഭൂവിവര സംവിധാനവുമായി ബന്ധപ്പെടുത്തുന്നപക്ഷം ഭൂമിയുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ അതിവേഗം ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭൂവിഭവ വിവരസംവിധാനത്തിന്‍െറ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും മന്ത്രി ജില്ലാ പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജുവിന് കൈമാറി. ജില്ലയുടെ മണ്ണുപര്യവേക്ഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, ഭൂവിനിയോഗ കമീഷണര്‍ എ. നിസാമുദ്ദീന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ വി.എസ്. ഗീതാകുമാരി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ സുഭാഷ് ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സ്റ്റാന്‍ലി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആസൂത്രകര്‍, ജനപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ സാങ്കേതികവിദഗ്ധര്‍ എന്നിവര്‍ക്ക് സ്ഥലമാനസങ്കേതങ്ങള്‍ ഉപയോഗിച്ച് ഭൂവിനിയോഗാസൂത്രണം നടത്തുന്നതില്‍ അവബോധം നല്‍കുന്നതിന് ശില്‍പശാലയും സംഘടിപ്പിച്ചു. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്‍റ് കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് ഭൂവിഭവ വിവര സംവിധാനം വികസിപ്പിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.