കുന്നിക്കോട് ടൗണില്‍ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കുന്നിക്കോട്: ടൗണിന്‍െറ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 39 ലക്ഷം രൂപ വിനിയോഗിച്ചാണ് ടൗണ്‍ നവീകരണം നടക്കുന്നത്. കുന്നിക്കോട് പുളിമുക്ക് സൊസൈറ്റി ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെയാണ് നവീകരണം. വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ടൈലുകള്‍ പാകി നടപ്പാത ഒരുക്കും. ഓടകള്‍ പൂര്‍ണമായി നവീകരിക്കുകയും സ്ളാബുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇതിനുപിന്നാലെ വിളക്കുടി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ടൗണില്‍ എല്‍.ഇ.ഡി സംവിധാനത്തോടെ തെരുവുവിളക്കുകള്‍ സ്ഥാപിക്കും. വിളക്കുകളുടെ അറ്റകുറ്റപ്പണിയും വൈദ്യുതി ചാര്‍ജും പഞ്ചായത്തിന്‍െറ ചുമതലയിലാണ്. കൊല്ലം-തിരുമംഗലം ദേശീയപാത കടന്നുപോകുന്ന കുന്നിക്കോട് ടൗണ്‍ സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുകയാണ്. മേലില, വെട്ടിക്കവല, വിളക്കുടി, തലവൂര്‍ പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രം കൂടിയാണ് കുന്നിക്കോട്. പാര്‍ക്കിങ് സൗകര്യമില്ലാത്തത് പലപ്പോഴും ടൗണില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ടൗണ്‍ മോടിപിടിപ്പിക്കലിന്‍െറ ഭാഗമായി വിളക്കുടി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സി. വിജയന്‍െറ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുന്നിക്കോട് പൊലീസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.