കൃഷിവകുപ്പിന്‍െറ പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘനം

കൊല്ലം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകിട്ടിയ കൃഷിവകുപ്പിന്‍െറ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശംസ പ്രസംഗകരുടെ പട്ടികയില്‍. ഈമാസം 19ന് വെട്ടിക്കവല ബ്ളോക്കില്‍ നടക്കുന്ന രണ്ട് പരിപാടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മയെ ആശംസകരുടെ പട്ടികയില്‍ കൃഷി ഡയറക്ടറുടെ പേരിന് താഴെ ഉള്‍പ്പെടുത്തിയത്. 19ന് രാവിലെ 9.30ന് ചെങ്ങമനാട്ട് നടക്കുന്ന കാര്‍ഷിക സാങ്കേതിക സംഗമം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് അധ്യക്ഷന്‍. കെ.എന്‍. ബാലഗോപാല്‍ എം.പിയും പി. ഐഷാപോറ്റി എം.എല്‍.എയും മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സര്‍ക്കാറിന്‍െറ പരിപാടിയില്‍ എം.എല്‍.എയാണ് അധ്യക്ഷസ്ഥാനം വഹിക്കേണ്ടതെന്ന ഉത്തരവും ലംഘിക്കപ്പെട്ടു. അന്ന് വൈകീട്ട് 5.30ന് മൈലത്ത് നടക്കുന്ന അഗ്രോ സര്‍വിസ് സെന്‍റര്‍ മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. പി. ഐഷാ പോറ്റി എം.എല്‍.എയാണ് അധ്യക്ഷ. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും കെ.എന്‍. ബാലഗോപാലും മുഖ്യപ്രഭാഷണം നടത്തും. നേരത്തേ കൊട്ടാരക്കരയില്‍ നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ചതിന്‍െറ പേരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിട്ടുനിന്നിരുന്നു. അതേസമയം, പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ളെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. എം.പിമാരും എം.എല്‍.എയും ചടങ്ങില്‍ സംബന്ധിക്കുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ ആശംസകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. വകുപ്പ് മേധാവിയെന്ന നിലയില്‍ കൃഷി ഡയറക്ടറെ ഒന്നാം പേരുകാരനാക്കിയെന്നും അവര്‍ പറഞ്ഞു. 19ന് രാവിലെ 9.30ന് സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യും. ജൈവകൃഷിയുടെ പ്രാധാന്യം, കൂണ്‍കൃഷി പരിപാലനം എന്നിവ സംബന്ധിച്ചും സെമിനാര്‍ നടക്കും. വെട്ടിക്കവല ബ്ളോക് പഞ്ചായത്ത് പരിധിയില്‍ മൈലത്ത് ഉദ്ഘാടനം ചെയ്യുന്ന അഗ്രോ സര്‍വിസ് സെന്‍ററിന്‍െറ സേവനം ലഭിക്കുമെന്നും ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ.പി. ജേക്കബ്, കൃഷി അസി. ഡയറക്ടര്‍ എ.ജി. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.