സ്കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

കുളത്തൂപ്പുഴ: അരിപ്പ പട്ടികവര്‍ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ കെട്ടിടത്തിന് മുകളില്‍നിന്നുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കടയ്ക്കല്‍ സ്വദേശി എ. അഖിലാണ് (15) പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 10ാം ക്ളാസ് വിദ്യാര്‍ഥിയായ അഖില്‍ പുലര്‍ച്ചെ അഞ്ചോടെ കെട്ടിടത്തിന്‍െറ മുകളിലത്തെ നിലയില്‍ ഉണക്കാനിട്ടിരുന്ന തുണിയെടുക്കാന്‍ പാരപറ്റിലൂടെ പോകവേ ജനല്‍ക്കമ്പിയില്‍നിന്ന് പിടിവിട്ട് വീഴുകയായിരുന്നെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കുന്ന വിവരം. വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസറും അറിയിച്ചു. അതേസമയം, പുലര്‍ച്ചെ അഞ്ചിന് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിക്ക് പോകേണ്ട ആവശ്യമില്ളെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്. ചാടിയതാണോയെന്ന സംശയവും ഇവര്‍ക്കുണ്ട്. കുളിമുറിയില്‍ തെന്നിവീണ് പരിക്കേറ്റെന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. കൂടാതെ, പുലര്‍ച്ചെയുണ്ടായ അപകടം സംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തയാറായില്ല. ഇക്കാരണങ്ങളാണ് ആത്മഹത്യക്ക് ശ്രമിച്ചതാകമെന്ന സംശയത്തിന് ആക്കംകൂട്ടുന്നത്. സ്കൂളില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെട്ട 120ഓളം വിദ്യാര്‍ഥികള്‍ ഏഴുമുതല്‍ 10വരെ ക്ളാസുകളിലായി താമസിച്ചു പഠിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.