ആദിവാസികള്‍ക്ക് നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ നശിക്കുന്നു

കുളത്തൂപ്പുഴ: ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആദിവാസികള്‍ക്ക് നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ നാട്ടുകാര്‍ക്ക് ഒരുപയോഗവുമില്ലാതെ കാടുകയറി ‘പാമ്പുവളര്‍ത്തല്‍ കേന്ദ്ര’മായി നശിക്കുന്നു. ആദിവാസി ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത് 2008-09 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തൂപ്പുഴ വില്ലുമലയില്‍ നിര്‍മിച്ചു നല്‍കിയ കമ്യൂണിറ്റി ഹാളാണ് നശിക്കുന്നത്. 80കളില്‍ കുളത്തൂപ്പുഴ പഞ്ചായത്തിലെ വില്ലുമല ക്ഷേത്രത്തിനു സമീപത്തെ വിശാലമായ കല്യാണമണ്ഡപം പൊളിച്ചുനീക്കിയാണ് ഹാള്‍ നിര്‍മിച്ചത്. പഴയതിന്‍െറ നാലിലൊന്നു വലുപ്പം പോലുമില്ലാതെ രണ്ടു മുറികളായി നിര്‍മിച്ച കമ്യൂണിറ്റി ഹാളില്‍ ഒരു സൗകര്യമില്ലാത്തതിനാല്‍ പൊതുപരിപാടികളും ഇവിടെ നടത്തപ്പെട്ടിട്ടില്ല. പഴയ കെട്ടിടത്തില്‍വെച്ച് കല്യാണങ്ങളും പൊതുപരിപാടികളും സംഘടിപ്പിച്ചിരുന്നെങ്കിലും പുതിയ കെട്ടിടത്തില്‍ ഇവക്കൊന്നിനുമുള്ള സൗകര്യം ഇല്ലാതെയാണ് നിര്‍മിച്ചിട്ടുള്ളത്. ആദിവാസി ക്ഷേമ ഫണ്ട് ചെലവഴിക്കുന്നതിനു വേണ്ടി മാത്രമാണ് ഒരു ദീര്‍ഘവീക്ഷണവുമില്ലാതെ കെട്ടിടം നിര്‍മിച്ചതെന്ന് വ്യക്തമാകുമെന്ന് ആദിവാസികള്‍തന്നെ ആരോപിക്കുന്നു. കെട്ടിടത്തിന്‍െറ താക്കോല്‍ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫിസറുടെ കൈവശമുണ്ടെന്ന് പറയുന്നെങ്കിലും ഇതു സംബന്ധിച്ച് പ്രദേശത്തെ ആദിവാസി വിഭാഗത്തിന് ഒരറിവുമില്ല. വര്‍ഷാവര്‍ഷം തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ കെട്ടിടത്തിനു ചുറ്റുമുള്ള കാട് വൃത്തിയാക്കുന്നതല്ലാതെ നിര്‍മാണശേഷം അറ്റകുറ്റപ്പണിയും നടത്തിയിട്ടുമില്ല. ജനാലകളുടെ ചില്ലുകള്‍ പൊട്ടിത്തകര്‍ന്നും വാതിലുകള്‍ മഴവെള്ളം വീണ് ദ്രവിച്ചും കാടുമൂടി തകര്‍ച്ച നേരിടുന്ന കെട്ടിടത്തിന്‍െറ മുകളിലേക്കുള്ള പടിക്കെട്ടുകള്‍ക്ക് അടച്ചൂപൂട്ടില്ലാത്തതിനാല്‍ തെരുവുനായ്ക്കളുടെ സങ്കേതമായി മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.