പത്തനാപുരത്തിന് വേണം താലൂക്ക് ആശുപത്രി

പത്തനാപുരം: പത്തനാപുരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും താലൂക്ക് ആശുപത്രി ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രി ആയി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, താലൂക്ക് ആശുപത്രികളായി ഉയര്‍ത്തിയ സി.എച്ച്.സികളുടെ കൂട്ടത്തില്‍ ഇത്തവണയും പത്തനാപുരം ഉള്‍പ്പെട്ടിട്ടില്ല. താലൂക്ക് ആശുപത്രിക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഏറക്കുറെ ഉണ്ടെങ്കിലും അവഗണിക്കപ്പെട്ടതെന്തുകൊണ്ടെന്ന് അധികൃതര്‍ക്കും അറിയില്ല. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള ഉപദേശകസമിതി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. ഷാഹിര്‍ഷായുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ടിരുന്നു. മലയോര മേഖലയായ അച്ചന്‍കോവില്‍തുറ മുതല്‍ പാടം വരെയുള്ള ആളുകള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആതുരാലയമാണിത്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഇവിടെ കിടത്തിചികിത്സ ഉള്‍പ്പെടെ സൗകര്യങ്ങളും ഉണ്ട്. പഞ്ചായത്തിന്‍െറ അധീനതയിലുള്ള സമീപത്തെ കമ്യൂണിറ്റി ഹാളും ആശുപത്രിവികസനത്തിന് വിട്ടുനല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യവകുപ്പ്ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ മുതല്‍ ഉച്ച വരെ പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ സേവനം മാത്രമാണിപ്പോള്‍ ഉള്ളത്. ദിവസേന നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്നത് എല്ലാ തെരഞ്ഞെടുപ്പുകളിലെയും പ്രചാരണായുധമാണ്. വിദഗ്ധചികിത്സക്കായി പുനലൂരിലെയോ കൊട്ടാരക്കരയിലെയോ താലൂക്ക് ആശുപത്രികളെയാണ് ജനങ്ങള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. പട്ടാഴിയിലെ ആശുപത്രിയില്‍ കിടത്തിചികിത്സ നിലച്ചതോടെ തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, കുന്നിക്കോട് എന്നിവിടങ്ങളിലെ ആളുകളും പത്തനാപുരത്തെ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. പത്തനാപുരത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രിയാക്കി മാറ്റണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.