കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം ടെര്‍മിനല്‍ നിര്‍മാണോദ്ഘാടനം ഇന്ന്

കൊല്ലം: റെയില്‍വേ സ്റ്റേഷന്‍െറ രണ്ടാം പ്രവേശകവാടം നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഒമ്പത് കോടി ചെലവാകുന്ന ടെര്‍മിനലിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ലെവലിങ്, പാര്‍ക്കിങ് ഏരിയ, ബുക്കിങ് ഓഫിസ്, ഫുട്ട്് ഓവര്‍ ബ്രിഡ്ജ്, ലിഫ്റ്റ്, എസ്കലേറ്റര്‍, സ്റ്റേഷന്‍ നവീകരണം തുടങ്ങിയവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കിയിട്ടുണ്ട്. രണ്ടാം ടെര്‍മിനല്‍ പൂര്‍ത്തിയായാല്‍ ഇരുഭാഗത്തുള്ള ദേശീയപാതകളില്‍ നിന്ന് സ്റ്റേഷനിലേക്ക് പ്രവേശം സാധ്യമാകും. പുതിയ ടെര്‍മിനലിനോടനുബന്ധിച്ച് നിരവധി വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുളള അവസരവും ലഭ്യമാകും. ടെര്‍മിനലിനോടനുബന്ധിച്ച് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റും രണ്ട് എസ്കലേറ്ററും കൂടി നിര്‍മിക്കും. പഴയ നടപ്പാലം പൊളിച്ചുമാറ്റുന്ന ജോലി പൂര്‍ത്തിയാകാറായി. 2.4 കോടിക്കാണ് പുതിയ പാലം സ്ഥാപിക്കുന്നത്. കൊല്ലം-ചെങ്കോട്ട ദേശീയപാതക്കു സമാന്തരമായി ക്രേവന്‍ സ്കൂളിന് എതിര്‍ദിശയിലാണ് മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ടാം പ്രവേശകവാടം ഉയരുന്നത്. കൊല്ലം, എറണാകുളം, പാലക്കാട്, ചെന്നൈ എന്നീ സ്റ്റേഷനുകളുടെ വികസന ഉദ്ഘാടനം തിരുവനന്തപുരത്ത് ചേരുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി നിര്‍വഹിക്കും. തത്സമയം ഉദ്ഘാടന സമ്മേളനം കൊല്ലത്ത് നടക്കും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.എന്‍. ബാലഗോപാല്‍, പി.കെ. ഗുരുദാസന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, മേയര്‍ വി. രാജേന്ദ്രബാബു എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.