പുനലൂര്‍: യുവ മനസ്സുകളുടെ കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് തല ചായ്ക്കാനിടമായി. പുനലൂര്‍ ഗവ.പോളിടെക്നിക്കിലെ നാഷനല്‍ സര്‍വിസ് സ്കീം പ്രവര്‍ത്തകരാണ് വീടില്ലാതെ ദുരിതത്തിലായിരുന്ന കുടുംബത്തിന് കൈത്താങ്ങായത്. കലയനാട് പുതുപ്പടപ്പില്‍ നാസിം മന്‍സിലില്‍ നജീമിന്‍െറ കുടുംബത്തിനാണ് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. മത്സ്യവ്യാപാരിയായിരുന്ന നജീം മേയില്‍ വാഹനാപകടത്തില്‍ മരിച്ചു. കച്ചവടത്തിനായി പുനലൂര്‍ മാര്‍ക്കറ്റിലേക്ക് ഇരുചക്ര വാഹനത്തില്‍ വരുമ്പോള്‍ ടി.ബി ജങ്ഷനില്‍ കാറിടിക്കുകയായിരുന്നു. ഇതോടെ ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെട്ട കുടുംബം ദുരിതത്തിലായി. രണ്ടു സെന്‍റ് ഭൂമിയില്‍ തകര്‍ച്ചയിലായ കൂരയിലായിരുന്നു ഇവരുടെ താമസം. കുട്ടികളില്‍ ഒരാള്‍ക്ക് സോറിയാസിസ് ബാധിച്ചതോടെ ദുരിതം ഇരട്ടിയായി. മുന്‍ കലയനാട് വാര്‍ഡ് കൗണ്‍സിലര്‍ ഷൈനിപ്രതാപനാണ് ഈ കുടുംബത്തിന് വീടിനായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് ഈ കുടുംബത്തിന്‍െറ അവസ്ഥ വാര്‍ത്തയായതോടെ സഹായത്തിനായി പുനലൂര്‍ ഗവ.പോളിടെക്നിക് എന്‍.എസ്.എസ് യൂനിറ്റ് രംഗത്തത്തെി. ഇവരുടെ നിരന്തരമായ പരിശ്രമഫലമായി 500 ചതുരശ്ര അടിയില്‍ കോണ്‍ക്രീറ്റ് കെട്ടിടം യാഥാര്‍ഥ്യമാക്കി. 4.8 ലക്ഷം രൂപക്കാണ് വീട് പൂര്‍ത്തിയാക്കിയത്. ഉദാരമനസ്കരുടെ സഹായവും എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ സന്നദ്ധപ്രവര്‍ത്തനവും കൊണ്ടാണ് ഇത് സാധിച്ചതെന്ന് പ്രിന്‍സിപ്പല്‍ ജി. രാജുവും പ്രോഗ്രാം ഓഫിസര്‍ പി. ബീനാകുമാരിയും പറഞ്ഞു. വളന്‍റിയര്‍ സെക്രട്ടറി ഒ. നന്ദുവാണ് നേതൃത്വം നല്‍കിയത്. വീടിന്‍െറ താക്കോല്‍ദാനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പോളിടെക്നിക് അങ്കണത്തില്‍ കെ. രാജു എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.