വയല്‍ നികത്തി വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള നീക്കം കലക്ടര്‍ തടഞ്ഞു

കൊല്ലം: നെല്‍വയല്‍ മണ്ണിട്ട് നികത്തി വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള നീക്കം കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. അമ്പലക്കടവ് ജങ്ഷന് സമീപത്തെ ഏലയിലെ കെട്ടിട നിര്‍മാണമാണ് കലക്ടര്‍ എ. ഷൈനാമോള്‍ തടഞ്ഞത്. വീട് നിര്‍മിക്കാന്‍ ലഭിച്ച അനുമതിയുടെ മറവിലായിരുന്നു വ്യാപാര സമുച്ചയ നിര്‍മാണം. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി എക്സ്കവേറ്റര്‍ ഉപയോഗിച്ച് ദ്രുതഗതിയില്‍ കെട്ടിട നിര്‍മാണത്തിനായി വാനംവെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുനലൂര്‍ തഹസില്‍ദാറെ കലക്ടര്‍ ചുമതലപ്പെടുത്തി. തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം കുളത്തൂപ്പുഴ പഞ്ചായത്ത് മരാമത്ത് വിഭാഗം അസി. എന്‍ജിനീയര്‍ വൈശാഖന്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നിരോധ ഉത്തരവ് സ്ഥലമുടമക്ക് നല്‍കിയിട്ടുണ്ട്. കുമരംകരിക്കം ഏലായില്‍നിന്ന് കല്ലടയാറ്റിലേക്ക് പതിക്കുന്ന കൈതോട് നികത്തി ചുറ്റു മതില്‍ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. തിങ്കള്‍കരിക്കം വില്ളേജില്‍ ഉള്‍പ്പെട്ട ഈ നീര്‍ച്ചാല് നികത്തിയ വിവരം വില്ളേജ് അധികൃതര്‍ അറിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതു പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കല്ലടയാറ്റിന് സമാന്തരമായി തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോട് ചേര്‍ന്ന് അമ്പലക്കടവ് ഏലയും നികത്തപ്പെട്ടു. ഇവിടെ നടക്കുന്ന കെട്ടിടനിര്‍മാണങ്ങളെ കുറിച്ച് നേരത്തേ പരാതി ഉയര്‍ന്നെങ്കിലും നടപടയുണ്ടായില്ല. കല്ലടയാറ്റില്‍ നീരൊഴുക്ക് വര്‍ധിച്ച് മലവെള്ളപ്പാച്ചില്‍ ഉണ്ടാവുമ്പോള്‍ വെള്ളപ്പൊക്കത്തില്‍നിന്ന് കുളത്തൂപ്പുഴയെ രക്ഷിക്കുന്നത് അമ്പലക്കടവ് ഏലയാണ്. ഈ ഏല നികത്തപ്പെട്ടതോടെ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.