പരവൂര്‍: പൊഴിക്കര സ്പില്‍വേക്ക് സമീപത്തായി രണ്ടിടത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ത്തിട്ടകള്‍ മത്സ്യസമ്പത്തിനും മത്സ്യബന്ധനത്തിനും ഭീഷണിയാകുന്നു. കടലില്‍നിന്ന് സ്പില്‍വേ വഴി കയറുന്ന മണല്‍ അടിഞ്ഞുകൂടി ഒരു ഭാഗത്ത് തുരുത്തായി മാറി. കരക്ക് സമാനമായ രീതിയില്‍ അവിടെ മരങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ആദ്യം ഒരു ഭാഗത്ത് മാത്രമാണ് മണല്‍ അടിഞ്ഞുകൂടിയതെങ്കില്‍ തൊട്ടടുത്തായി ഒരു തുരുത്തുകൂടി രൂപപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടും കൂടി കായലിന്‍െറ ഏക്കറുകണക്കിന് വരുന്ന സ്ഥലം കരയായി മാറിക്കഴിഞ്ഞു. ഇതുമൂലം കായലിന്‍െറ സ്വാഭാവികനിലയില്‍ വമ്പിച്ച മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കടലിലേക്കുള്ള നീരൊഴുക്കിന് മണല്‍ത്തിട്ടകള്‍ തടസ്സമാണ്. വേലിയേറ്റത്തിലൂടെ കടല്‍വെള്ളം കായലിലേക്ക് കയറുന്നതും കായല്‍വെള്ളത്തില്‍ ഉപ്പ് കലരുന്നതും ഒഴിവാക്കാനാണ് പൊഴിക്കരയില്‍ റെഗുലേറ്റര്‍ -കം ബ്രിഡ്ജ് നിര്‍മിച്ചത്. പ്രവര്‍ത്തനരഹിതമായിരുന്ന ഇതിന്‍െറ ഷട്ടറുകള്‍ ഏതാനും വര്‍ഷം മുമ്പാണ് പുനര്‍നിര്‍മിച്ചത്. കായലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുമ്പോള്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം കടലിലേക്കൊഴുക്കാനാണ് സ്പില്‍വേ നിര്‍മിച്ചത്. എന്നാല്‍, കായലിന്‍െറ നിലനില്‍പിനത്തെന്നെ അപകടപ്പെടുത്തും വിധമാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. സ്പില്‍വേയുടെ ഷട്ടറുകള്‍ യഥാസമയം തുറക്കുകയും അടയ്ക്കുകയു ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനമുണ്ടായിരുന്നു. വര്‍ഷങ്ങളായി ഇതു നടക്കുന്നില്ല. പുനര്‍നിര്‍മിച്ച ഷട്ടറുകളുടെ തകരാര്‍ നിമിത്തം ഇവ പ്രവര്‍ത്തനരഹിതമായിരിക്കുന്നു. പല ഷട്ടറുകളും ഉയര്‍ത്താനും താഴ്ത്താനും കഴിയാത്ത അവസ്ഥയിലാണ്. കായല്‍ത്തീരങ്ങള്‍ വാങ്ങിക്കൂട്ടുന്ന സ്വകാര്യ റിസോര്‍ട്ടുകാര്‍ നടത്തുന്ന നിര്‍മാണങ്ങള്‍ വമ്പിച്ച പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇവരുടെ നിര്‍മാണങ്ങള്‍ക്കായി വന്‍തോതില്‍ കായല്‍ നികത്തുന്നു. കായല്‍ നികത്തി കരിങ്കല്‍ ഭിത്തി നിര്‍മിച്ച് തറയൊരുക്കിയാണ് കെട്ടിടങ്ങള്‍ പണിയുന്നത്. റിസോര്‍ട്ടുകളുടെ ഭാഗത്ത് അമിതമായി വെള്ളം പൊങ്ങുന്നതായി ചൂണ്ടിക്കാട്ടി വേനല്‍ക്കാലത്തുപോലും പൊഴികള്‍ മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുന്ന പ്രവണതയുണ്ട്. കൊഞ്ചുവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ വെള്ളം കയറുന്നെന്ന കാരണം പറഞ്ഞും ഇത്തരത്തില്‍ വേനല്‍ക്കാലത്ത് വെള്ളം കടലിലേക്കൊഴുക്കുന്നു. കൊഞ്ചുവളര്‍ത്തല്‍ നടത്തുന്നത് പൂര്‍ണമായും റിസോര്‍ട്ടുകാരാണ്. ഇവരുടെ ബിനാമികളാണ് കൊഞ്ചുകര്‍ഷകരെന്ന പേരില്‍ എത്തുന്നത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കം ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇവരുടെ നിരന്തരമായ ഇടപെടലുകള്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. വേനല്‍ക്കാലത്തും കായല്‍വെള്ളം കടലിലേക്കൊഴുകുന്നതുമൂലം കായലിലെ മത്സ്യ സമ്പത്ത് വന്‍തോതില്‍ കുറയുന്നതായി ഇവര്‍ പരാതിപ്പെടുന്നു. പ്രകൃതിഭംഗിയും മത്സ്യ സമ്പത്തുംകൊണ്ട് അനുഗൃഹീതമായ പരവൂര്‍ കായല്‍ ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്‍െറ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. പൊഴിക്കര മുതല്‍ കൊട്ടിയം വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ കായല്‍പ്പരപ്പില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണുള്ളത്. ചെറുവള്ളങ്ങളില്‍ പോയി വലയിട്ട് പിടിക്കുന്നവര്‍ക്കു പുറമേ ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നവരും ഒട്ടേറെയാണ്. പാര, കണവ, കണമ്പ്, കൊഞ്ച് എന്നിവയാണ് ഇവിടെനിന്ന് കൂടുതലായും ലഭിച്ചുവരുന്നത്. ചില ഘട്ടങ്ങളില്‍ കരിമീനും സമൃദ്ധമായി ലഭിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.