വേനല്‍ കടുത്തു, നാട് പൊള്ളുന്നു

കൊല്ലം: കടുത്ത വേനല്‍ചൂടില്‍ പകലുകള്‍ വെന്തുരുകുന്നു. അസഹനീയമായ ചൂട് മൂലം സൂര്യതാപമേല്‍ക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളാണുണ്ടാകുന്നത്. പകല്‍ സമയത്തെ ശരീരം തളര്‍ത്തുന്ന ചൂടിനെ അതിജീവിക്കാനാവാതെ ജനങ്ങള്‍ വലയുകയാണ്. ജില്ലയിലൊട്ടാകെ ദിനംപ്രതി താപനില വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം പകല്‍ താപനില അനുഭവപ്പെടുന്ന പുനലൂരില്‍ 36 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ചത്തേത്. സാധാരണ മാര്‍ച്ച് അവസാനം മുതലാണ് വേനല്‍ കടുക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെപോലെ ഫെബ്രുവരി ആദ്യവാരം മുതല്‍ ഇത്തവണയും കനത്തു. ഇതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും ജലാശയങ്ങള്‍ വറ്റിവരണ്ടു. ഇപ്പോഴത്തെ താപനില തുടര്‍ന്നാല്‍ കടുത്ത വരള്‍ച്ചയായിരിക്കും മുന്നോട്ട്. ചൂട് കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ കരുതിയിരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തെ ജലാംശം വേഗത്തില്‍ നഷ്ടമാകുമെന്നതാണ് പ്രധാന പ്രശ്നം. തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ വിശ്രമിച്ച് രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുന്നതാണ് ഉചിതം. താപനില 38 ഡിഗ്രി സെല്‍സ്യഷിന് മുകളിലത്തെുമ്പോള്‍ സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുണ്ട്. പൊള്ളലുണ്ടായാല്‍ ഉടന്‍ ശരീരം തണുപ്പിക്കാനുള്ള സംവിധാനം ഒരുക്കണം. വെള്ളം ധാരധാരയായി പൊള്ളലേറ്റ ഭാഗത്ത് ഒഴിക്കണം. ഫാന്‍, എ.സി എന്നിവയുടെ സഹായത്തോടെയും ശരീരം തണുപ്പിക്കാം. പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. പൊട്ടിക്കുന്നത് അണുബാധയുണ്ടാകാന്‍ ഇടയാക്കും. വേഗത്തില്‍ ആശുപത്രിയിലത്തെിക്കുകയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വെയിലുള്ള സ്ഥലത്താണ് ജോലി ചെയ്യുന്നതെങ്കില്‍ ഇടയ്ക്ക് തണലുള്ള സ്ഥലത്ത് മാറിനിന്ന് വിശ്രമിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.