നന്മ പാക്കിങ് സെന്‍ററില്‍ ലക്ഷങ്ങളുടെ ഭക്ഷ്യസാധനങ്ങള്‍ നശിച്ചു

ചവറ: അധികൃതരുടെ അവഗണനയില്‍ ചവറയില്‍ നശിച്ചത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യസാധനങ്ങള്‍. കണ്‍സ്യൂമര്‍ ഫെഡ് സംരംഭമായ നന്മ യൂനിറ്റുകളിലേക്ക് വില്‍പനക്കായി സാധനങ്ങള്‍ എത്തിക്കാന്‍ ആരംഭിച്ച ചവറ മടപ്പള്ളിയിലെ പാക്കിങ് സെന്‍ററിലാണ് ടണ്‍ കണക്കിന് പലചരക്ക് സാധനങ്ങള്‍ പുഴുവെടുത്തും എലിയും പാറ്റയും കയറിയും നശിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇവിടെ പാക്കിങ് സെന്‍റര്‍ തുടങ്ങിയത്. നാല്‍പതിലധികം തൊഴിലാളികളാണുണ്ടായിരുന്നത്. നന്മ സ്റ്റോറുകള്‍ പലയിടത്തും പൂട്ടിയതോടെ ഇവിടെയുള്ള സാധനങ്ങള്‍ കൊണ്ട് പോകാനാകാതെ കെട്ടിക്കിടന്ന് നശിക്കുകയായിരുന്നു. മുളക്, മല്ലി, തേയില, പയര്‍, പരിപ്പ്, ജീരകം, നെയ്യ് തുടങ്ങി ഒട്ടുമിക്ക പലചരക്ക് സാധനങ്ങളും ചാക്കുകണക്കിനാണ് പുഴുവെടുത്ത് പോയത്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന സാധനങ്ങള്‍ സ്റ്റോക്കെടുക്കാന്‍ എത്തുമ്പോഴും ക്വിന്‍റല്‍ കണക്കിന് ഭക്ഷ്യസാധനങ്ങള്‍ പുഴുവെടുത്ത നിലയായിരുന്നു. പാക്കിങ് സെന്‍റര്‍ നില്‍ക്കുന്ന പുരയിടത്തില്‍ തൊഴിലുറപ്പിന് എത്തിയ സ്ത്രീകള്‍ വസ്തു വൃത്തിയാക്കിയപ്പോള്‍ ചാക്ക് കണക്കിന് മുളക്, മല്ലി എന്നിവ പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. അവശേഷിക്കുന്ന സാധനങ്ങള്‍ ഇവിടെനിന്ന് കൊണ്ടുപോകുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ തീര്‍ത്തും ഉപയോഗശൂന്യമായ നിലയിലാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. സ്റ്റോക്കുണ്ടായിരുന്നെങ്കിലും കൃത്യസമയത്ത് സാധനങ്ങള്‍ എത്തിക്കാത്തത് കാരണം നിരവധി നന്മ സ്റ്റോറുകളാണ് ചവറയില്‍ പൂട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.