നല്ലകാലത്തേക്ക് വഴികാട്ടി ഹരിത എക്സ്പ്രസ്

കൊല്ലം: വെള്ളവും വൃത്തിയും വിളവും വീണ്ടെടുത്ത് നാടിന്‍െറ മുഖച്ഛായ മാറുന്ന നല്ലകാലത്തിനായുള്ള ഹരിതകേരള മിഷന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഹരിത എക്സ്പ്രസിന്‍െറ പര്യടനത്തിന് തുടക്കമായി. പര്യടനസംഘത്തിന് ചാത്തന്നൂരില്‍ ഉത്സവാന്തരീക്ഷത്തില്‍ വരവേല്‍പ് നല്‍കി. കെ. സോമപ്രസാദ് എം.പിയുടെയും ജി.എസ്. ജയലാല്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ നാട്ടുമാങ്കുലകള്‍ നല്‍കിയാണ് സംഘത്തെ സ്വീകരിച്ചത്. ഇന്‍ഫര്‍മേഷന്‍പബ്ളിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിച്ചിരിക്കുന്ന ഹരിത എക്സ്പ്രസില്‍ ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, മാധ്യമവാര്‍ത്തകള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ പ്രസംഗശകലങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ പ്രദര്‍ശനവും ശ്രദ്ധേയമാണ്. ഹരിത എക്സ്പ്രസിനൊപ്പമുള്ള കടമ്പനാട് ജയചന്ദ്രനും സംഘവും വാഹനം എത്തുന്നിടത്തെല്ലാം നാട്ടുകാര്‍ക്ക് കാര്‍ഷിക സംസ്കൃതിയും ഗ്രാമീണ സൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന നാടന്‍പാട്ടുകളുടെ നിറവിരുന്നൊരുക്കുന്നു. നിലമേല്‍, അഞ്ചല്‍, കണ്ണനല്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ പിന്നിട്ട് ആദ്യദിവസത്തെ പര്യടനം കൊല്ലം ബീച്ചില്‍ സമാപിച്ചു. ജില്ലയില്‍ എല്ലാ കേന്ദ്രത്തിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉള്‍പ്പെടെ വന്‍ജനാവലി ഹരിത എക്സ്പ്രസിനെ സ്വീകരിക്കാനത്തെി. നിലമേലില്‍ മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, അഞ്ചലില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജു സുരേഷ്, കണ്ണനല്ലൂരില്‍ മുഖത്തല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയകുമാരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊല്ലം ബീച്ചില്‍ എം. നൗഷാദ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ തുടങ്ങിയവര്‍ ചേര്‍ന്ന് ഹരിത എക്സ്പ്രസിനെ സ്വീകരിച്ചു. ബ്ളോക്ക് പഞ്ചായത്തുകളാണ് പര്യടനത്തിന്‍െറ പ്രാദേശിക ഏകോപനം നിര്‍വഹിക്കുന്നത്. ബുധനാഴ്ച ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.