ചിറക്കര പഞ്ചായത്ത് തീരുമാനം വിവാദത്തിലേക്ക്; പോളച്ചിറ വറ്റിക്കാന്‍ നീക്കം

പരവൂര്‍: റവന്യൂവകുപ്പിന്‍െറ റിപ്പോര്‍ട്ട് മറികടന്ന് പോളച്ചിറ വറ്റിക്കാനുള്ള ചിറക്കര പഞ്ചായത്തിന്‍െറ നീക്കം വിവാദമാവുന്നു. പോളച്ചിറ വറ്റിച്ചാല്‍ പ്രദേശത്ത് കുടിനീര്‍ക്ഷാമം രൂക്ഷമാകുമെന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂവകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് ചിറ വറ്റിക്കാന്‍ ശ്രമം നടക്കുന്നത്. മീന്‍പിടിക്കാനും ഏതാനും പേര്‍ക്ക് കൃഷിയിറക്കാനുമായി പോളച്ചിറ വറ്റിക്കുന്നതിനെതിരെ പ്രതിഷേധം മുന്‍ വര്‍ഷങ്ങളിലും ശക്തമായിരുന്നു. ചാത്തന്നൂര്‍, ചിറക്കര, പരവൂര്‍ മേഖലകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിലെ പ്രധാനഘടകമാണ് 1500 ഏക്കര്‍ വിസ്തൃതിയുള്ള പോളച്ചിറയിലെ വറ്റാത്ത ജലസ്രോതസ്സ്. ഇവിടെ വെള്ളം കുറയുന്നതനുസരിച്ച് ഈ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത് പതിവാണ്. പഞ്ചായത്ത് അധികൃതരും മത്സ്യക്കച്ചവടം ലക്ഷ്യമിട്ടുള്ള ചിലരുമാണ് വെള്ളംവറ്റിക്കാന്‍ വാശിപിടിക്കുന്നത്. ചിറ വറ്റിച്ച് പിടിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം നാമമാത്രമായ രൂപക്കാണ് ലേലം ചെയ്യുന്നത്. അധികൃതരും അവരുടെ ബിനാമികളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇക്കാര്യത്തില്‍ കാലാകാലമായി നടക്കുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്. കൃഷിയിറക്കാനെന്ന വ്യാജേനയാണ് മുമ്പും പോളച്ചിറയില്‍ വെള്ളം വറ്റിച്ചിട്ടുള്ളത്.മീനാട് മുതല്‍ ചിറക്കര വരെ വ്യാപിച്ചുകിടക്കുന്ന 1500 ഏക്കറില്‍ ഏതാനും പേര്‍ മാത്രമാണ് കൃഷിയിറക്കാറുള്ളത്. രണ്ടുവര്‍ഷം മുമ്പ് കൃഷിവകുപ്പിന്‍െറ സഹായത്തോടെ ജില്ലപഞ്ചായത്ത് മുന്‍കൈയെടുത്ത് വടക്കാഞ്ചേരി മാതൃകയില്‍ കൃഷിയിറക്കിയിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് 250 ഏക്കറില്‍ കൃഷിയിറക്കിയെന്നായിരുന്നു പറഞ്ഞതെങ്കിലും 35 ഏക്കറില്‍ താഴെ മാത്രമാണ് കൃഷി നടന്നത്. കൃഷിയിറക്കലില്‍ വന്‍ ക്രമക്കേട് നടന്നെന്നാണ് വിവരാവകാശ നിയമപ്രകാരം അന്ന് ലഭ്യമായ വിവരം. ഇതിന്‍െറ മറവില്‍ സര്‍ക്കാറില്‍നിന്ന് സൗജന്യമായി ലഭിച്ച വിത്തും വളവും സബ്സിഡിയും വന്‍തോതില്‍ തിരിമറി നടത്തിയത്രെ. ആകെ കൃഷി നടത്തിയതിന്‍െറ അനേകമടങ്ങുകളാണ് കണക്കിലുള്ളത്. കൃഷിയിറക്കാത്ത പല നിലമുടമകളുടെയും കരമൊടുക്ക് രസീത് വാങ്ങി ഇവരുടെ പേരില്‍ കൃഷിയിറക്കിയതായി വ്യാജ രേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കൃഷിവകുപ്പില്‍ നിന്ന് ലഭിച്ച വിത്തും വളവും മറിച്ചുവില്‍ക്കുകയും ചെയ്തത്രെ.വെള്ളം വറ്റിക്കലിന്‍െറ പിന്നില്‍ വേറെയും താല്‍പര്യങ്ങളുള്ളതായി ആരോപണമുണ്ട്. പഞ്ചായത്തിന്‍െറ ചെലവില്‍ കുടിവെള്ള വിതരണം നടത്തുമ്പോള്‍ വന്‍ തിരിമറി നടത്താനുള്ള സാഹചര്യമാണുള്ളതത്രെ. വിതരണം ചെയ്യുന്ന ലോഡിന്‍െറ എണ്ണത്തില്‍ കൃത്രിമം കാട്ടിയാണ് ഇത് സാധ്യമാക്കുന്നത്. കുടിവെള്ളവിതരണം സ്വകാര്യവ്യക്തികളെ ഏല്‍പിക്കുന്നതുവഴിയും സാമ്പത്തികതാല്‍പര്യം സാധ്യമാകുന്നു. കുടിവെള്ളക്ഷാമം മുതലെടുത്ത് വാഹനങ്ങളില്‍ വെള്ളമത്തെിക്കുന്ന സംഘങ്ങള്‍ വ്യാപകമായുണ്ട്. 500 ലിറ്റര്‍ വെള്ളമത്തെിക്കുന്നതിന് 200 രൂപക്കു മുകളിലാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം ഈടാക്കിയത്. വെള്ളം വറ്റിക്കാന്‍ ഉപയോഗിക്കുന്ന മോട്ടോറിന്‍െറ അറ്റകുറ്റപ്പണിയുടെ പേരില്‍ നടക്കുന്ന വെട്ടിപ്പാണ് മറ്റൊന്ന്. വന്‍ കുതിരശക്തിയുള്ള മോട്ടോറുകളുപയോഗിച്ച് ഒന്നരമാസത്തോളം പമ്പുചെയ്താലാണ് പോളച്ചിറയിലെ വെള്ളം വറ്റിക്കാനാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.