ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട് കിലയില്‍ ലയിപ്പിക്കും

കൊട്ടാരക്കര: 1987 മുതല്‍ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍െറ നിയന്ത്രണത്തിലെ എസ്.ഐ.ആര്‍.ഡി (സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട്), കിലയില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) ലയിപ്പിക്കും. ഇതിനുള്ള നടപടി മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് സ്പെഷല്‍ സെക്രട്ടറി വി.കെ. ബേബി നിര്‍ദേശം നല്‍കി. ലയനത്തിന് തത്ത്വത്തില്‍ അനുമതി നല്‍കിയ ഉത്തരവില്‍ ഇതുസംബന്ധിച്ച വിശദ രൂപരേഖ സമര്‍പ്പിക്കാന്‍ കിലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേന്ദ്ര ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടും ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത് എസ്.ഐ.ആര്‍.ഡികള്‍ വഴിയാണ്. മറ്റ് സംസ്ഥാനത്തെല്ലാം ഈ സംവിധാനം തുടരുമ്പോഴാണ് ഇവിടെ എസ്.ഐ.ആര്‍.ഡിയെ ഇല്ലാതാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് ഭരണപങ്കാളിത്തമുണ്ടെങ്കിലും അക്കാദമിക് ചെലവുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാറാണ് വഹിക്കുന്നത്. വിവിധ കേന്ദ്രപദ്ധതികളുടെ നടത്തിപ്പിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇവിടെയാണ് പരിശീലനം നല്‍കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വര്‍ഷംതോറും പരിശീലനത്തിനത്തെുന്നു. 23 ഏക്കര്‍ വിസ്തൃതിയില്‍ വിവിധ ഓഫിസുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ഹോസ്റ്റല്‍, ഭക്ഷണശാല, ലാബുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. മണ്ണുത്തി, തളിപ്പറമ്പ്, കൊട്ടാരക്കര ഇ.ടി.സികള്‍ എസ്.ഐ.ആര്‍.ഡി നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ പ്രമുഖര്‍ ഇവിടെ പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം 40,000 പേരാണ് പരിശീലനം പൂര്‍ത്തിയാക്കുന്നത്. കേന്ദ്രനിയന്ത്രണത്തില്‍നിന്ന് പൂര്‍ണമായും സംസ്ഥാന നിയന്ത്രണത്തിലുള്ള കിലയിലേക്ക് മാറുന്നതോടെ സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനരീതിയില്‍ മാറ്റമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ജീവനക്കാരുടെയും വിദഗ്ധ പരിശീലകരുടെയും ശമ്പളവും പരിശീലന ചെലവുമുള്‍പ്പെടെ രണ്ടുകോടിയോളം രൂപയാണ് പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാര്‍ എസ്.ഐ.ആര്‍.ഡിക്ക് നല്‍കുന്നത്. കിലയില്‍ ലയിപ്പിക്കുന്നതോടെ ഈ ഫണ്ട് തുടര്‍ന്നും ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്ര പദ്ധതികളായ സ്വച്ഛ്ഭാരത് അഭിയാന്‍, പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന, ഗ്രാമീണ സഡക് യോജന, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജ്യോതി യോജന, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ തുടങ്ങിയ പദ്ധതികളിലെല്ലാം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കുന്നത് ഇവിടെയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സോഷ്യല്‍ ഓഡിറ്റിനുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. 28 കോടിയാണ് ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.