കരുനാഗപ്പള്ളി: ദലിത് യുവാവിനെ പൊലീസ് വീട്ടില്‍നിന്ന് വിളിച്ചിറക്കി സ്റ്റേഷനില്‍ കൊണ്ടുപോയി ജാതിപ്പേര് വിളിച്ച് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ യുവാവിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ ജാതിപ്പേര് വിളിച്ച് മര്‍ദിച്ചെന്നാരോപിച്ച് പിതാവ് മനുഷ്യാവകാശ കമീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. തൊടിയൂര്‍ വേങ്ങറ കൊല്ലവീട്ടില്‍ തറയില്‍ ബിനിജാക്ഷന്‍െറ മകന്‍ ചന്തുവിനെ (18) കരുനാഗപ്പള്ളി എസ്.ഐ ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ രണ്ട് പൊലീസുകാരെ അയച്ച് വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയി സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് പരാതി. തന്‍െറ അയല്‍വാസിയായ വിദ്യാര്‍ഥി കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന വിവരം എനിക്ക് അറിയാമെന്ന സംശയത്തിന്‍െറ പേരില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണെന്ന് പറഞ്ഞാണ് ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ പൊലീസ് വീട്ടില്‍നിന്ന് വിളിച്ചിറക്കി സ്റ്റേഷനില്‍ കൊണ്ടുപോയതെന്ന് ചന്തു പറയുന്നു. വിവരങ്ങള്‍ ചോദിച്ച് മര്‍ദിക്കുകയായിരുന്നു. അപസ്മാര രോഗം വരുന്ന എന്നെ പൊലീസ് വിളിക്കുമ്പോള്‍ വരണമെന്നും പറഞ്ഞ് മര്‍ദനത്തിനുശേഷം പറഞ്ഞുവിടുകയായിരുന്നു. അവശനിലയിലായ ചന്തുവിനെ വീട്ടുകാരാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളത്തെ ഒരു പ്രിന്‍റിങ് പ്രസില്‍ തൊഴിലാളിയാണ് ചന്തു. ഡിസംബര്‍ നാലിന് കടുത്ത പനി ബാധിച്ച് അവധിയില്‍ നാട്ടില്‍ വന്നതായിരുന്നു ചന്തു. എന്നാല്‍, കൗമാരപ്രായക്കാരായ വിദ്യാര്‍ഥികള്‍ ഒളിച്ചോടിയ സംഭവം സംബന്ധിച്ച് കാര്യങ്ങള്‍ അന്വേഷിക്കാനായി ഇയാളെ സ്റ്റേഷനില്‍ വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് വിട്ടയക്കുകയായിരുന്നെന്നും മര്‍ദിക്കുകയോ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയോ ചെയ്തിട്ടില്ളെന്നും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.