അഞ്ചാലുംമൂട്: തൃക്കടവൂര്‍ സോണലിന്‍െറ പരിധിയില്‍ വരുന്ന കൊല്ലം -തേനി ദേശീയപാതക്ക് ഇരുവശങ്ങളിലുമുള്ള അനധികൃത കൈയേറ്റങ്ങള്‍ ഇനിയൊരറിയിപ്പില്ലാതെ നീക്കം ചെയ്യുമെന്ന് കോര്‍പറേഷന്‍. തൃക്കടവൂര്‍ കോര്‍പറേഷന്‍ സോണല്‍ ഓഫിസില്‍ സെക്രട്ടറി ആര്‍. രാജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ആര്‍. സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാരായ എം.എസ്. ഗോപകുമാര്‍, ബി. അനില്‍കുമാര്‍, ബി. പ്രശാന്ത്, ബി. അജിത് കുമാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കോര്‍പറേഷന്‍െറ ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ച കൈയേറ്റക്കാര്‍ നടപ്പാതകള്‍ കൈയേറിയാണ് നിലവില്‍ കച്ചവടം നടത്തുന്നത്. മിക്ക കടകളുടെയും മുന്‍വശത്തെ ഇറക്കുകള്‍ നാമമാത്രമായും മറ്റുള്ളവ പഴയപടി തന്നെ നിലനിര്‍ത്തിയിരിക്കുകയുമാണ്. കോര്‍പറേഷന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതിനാലാണ് വീണ്ടും യോഗം ചേര്‍ന്നത്. കോര്‍പറേഷന്‍െറ അഞ്ചാലുംമൂട് മൈതാനം കെട്ടിയടച്ചതുമൂലം മൈതാനത്ത് നടക്കുന്ന പരിപാടികള്‍ പുറത്തേക്ക് കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. മതിലിന്‍െറ ഉയരം കുറക്കണമെന്നും പരിപാടികളില്ലാത്ത ദിവസങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റിവെക്കാനുള്ള സൗകര്യമൊരുക്കി ജങ്ഷനിലെ യാത്രാക്ളേശം പരിഹരിക്കണമെന്നും അഭിപ്രായമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.