ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു

കൊല്ലം: സംസ്ഥാനത്തെ രണ്ടാമത്തെ 110 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍െറ നിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സബ്സ്റ്റേഷന്‍ 2017 മാര്‍ച്ചില്‍ കമീഷന്‍ ചെയ്യും. ചൊവ്വാഴ്ച 20 മെഗാവാള്‍ട്ട് ആംപിയറുള്ള രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ഇവ 31നകം സ്ഥാപിക്കാനാണ് തീരുമാനം. 49 സെന്‍റിലാണ് ആധുനിക സബ്സ്റ്റേഷന്‍െറ നിര്‍മാണം. 39 കോടി ചെലവിട്ട് കൊല്ലം പബ്ളിക് ലൈബ്രറിക്ക് സമീപത്തെ വൈദ്യുതിഭവന് പിന്നിലെ 40 സെന്‍റ് സ്ഥലത്താണ് സബ് സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നത്. 110 കെ.വി സബ്സ്റ്റേഷനുകള്‍ക്ക് പൊതുവെ ഒരു ഏക്കറിലധികം സ്ഥലവും നിര്‍മാണചെലവും ഭൂമി വിലയുമടക്കം കോടിക്കണക്കിന് രൂപയും വേണ്ടിവരുമ്പോഴാണ് പരിമിതമായ സ്ഥലത്ത് നിര്‍മിക്കാന്‍ കഴിയുന്ന ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍െറ പ്രാധാന്യം വര്‍ധിക്കുന്നത്. ഫെബ്രുവരിയില്‍ കമീഷന്‍ ചെയ്ത കോഴിക്കോട് 110 കെ.വി സബ്സ്റ്റേഷനാണ് സംസ്ഥാനത്തെ ആദ്യത്തേത്. ട്രാന്‍സ്ഫോമര്‍ ഒഴികെയുള്ള എല്ലാഉപകരണങ്ങളും കെട്ടിടത്തിനുള്ളിലായിരിക്കുമെന്നതാണ് ഈ സബ് സ്റ്റേഷന്‍െറ പ്രത്യേകത. അയത്തില്‍, കാവനാട് സബ് സ്റ്റേഷനുകളില്‍നിന്നാണ് നഗരത്തിലേക്ക് വൈദ്യുതി വിതരണം ഇപ്പോള്‍ നടത്തുന്നത്. രണ്ടിനുമിടയില്‍ 110 കെ.വി സബ്സ്റ്റേഷന്‍െറ ആവശ്യം വര്‍ധിച്ചപ്പോഴാണ് ലഭ്യമായ 40 സെന്‍റ് സ്ഥലത്ത് ആധുനിക സബ് സ്റ്റേഷനെന്ന ആശയം ഉദിച്ചത്. നഗരത്തിലെ തിരക്കിനിടയിലൂടെ 110 കെ.വി ലൈനുകള്‍ വൈദ്യുതി ടവറുകളിലൂടെ കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ചാണ് അയത്തില്‍ സബ് സ്റ്റേഷനില്‍നിന്ന് ഇവിടേക്ക് വൈദ്യുതി കൊണ്ടുവരിക. ഭൂമിക്കടിയിലെ കേബിളുകളിലൂടെ വൈദ്യുതി എത്തിക്കുന്നതിനാല്‍ വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന വൈദ്യുതി മുടക്കവും ഒഴിവാക്കാനാകും. കേബിളുകള്‍ക്കും ഉപകരണങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ ഗ്യാരന്‍റി ഉറപ്പ് വരുത്തിയാണ് നിര്‍മാണം. ഭാവിയില്‍ സബ്സ്റ്റേഷനെ കൊട്ടിയം സബ്സ്റ്റേഷനുമായി ഭൂഗര്‍ഭകേബിളുകള്‍ വഴി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതുവഴി രണ്ട് സബ്സ്റ്റേഷനുകളില്‍നിന്നുള്ള വൈദ്യുതിയും ലഭ്യമാകും. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷനില്‍നിന്നുള്ള ധനസഹായത്തോടെയാണ് നിര്‍മാണം. ചെന്നൈ ആസ്ഥാനമായ ആല്‍സ്റ്റോം കമ്പനിക്കാണ് കരാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.