വാങ്ങാന്‍ ആളില്ല; കശുവണ്ടിപ്പരിപ്പ് വില്‍പനയും നിലച്ചു

കൊല്ലം: നോട്ട് അസാധുവാക്കല്‍ കശുവണ്ടിപ്പരിപ്പ് വില്‍പനയെയും ഗുരുതരമായി ബാധിച്ചു. 200 സ്വകാര്യ ഫാക്ടറികളിലെ പരിപ്പ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. വരുമാനം നിലച്ചതോടെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതും പ്രതിസന്ധിയിലായി. കശുവണ്ടിപ്പരിപ്പ് വാങ്ങാന്‍ ആവശ്യക്കാര്‍ എത്തുന്നില്ളെന്ന് കശുവണ്ടി വ്യവസായികള്‍ പറയുന്നു. ആഭ്യന്തരവിപണിയിലാണ് പരിപ്പ് ഏറെയും വിറ്റുപോയിക്കൊണ്ടിരുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ വ്യാപാരം കുത്തനെ ഇടിഞ്ഞു. തോട്ടണ്ടിയുടെ വില മെട്രിക് ടണ്ണിന് 400 ഡോളറെങ്കിലും കുറയാതെ വ്യവസായം നടത്തിക്കൊണ്ടുപോകാനാവില്ളെന്ന് വ്യവസായികള്‍ പറയുന്നു. ഇതിനിടെ സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികളുടെ വേതനം ലഭിക്കുന്ന കാര്യത്തിലും ആശങ്ക ഒഴിഞ്ഞില്ല. ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഒരുമാസമായി ശമ്പളംകിട്ടാത്ത അവസ്ഥയിലാണ്. കലക്ടറുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് വേതനം കറന്‍സിയായി ലഭിക്കുന്നതിനുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. വേതനം നല്‍കുന്നതിനാവശ്യമായ തുകക്കുള്ള ബാങ്ക് ചെക്ക് എല്ലാ കശുവണ്ടി ഫാക്ടറി ഉടമകളും സമര്‍പ്പിക്കണം. കലക്ടര്‍ ബന്ധപ്പെട്ട ട്രഷറി മുഖാന്തരം ആവശ്യമുള്ള പണം കറന്‍സിയായി കൈമാറുമെന്നാണ് അറിയിപ്പ്. എന്നാല്‍ ഇതിന്‍െറ പ്രായോഗികതയില്‍ സംശയമുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. വേതനം പറ്റുന്ന തൊഴിലാളികളുടെ പട്ടിക പരിശോധിച്ച് നിജസ്ഥിതി ഉറപ്പ് വരുത്തുന്നതിന് കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പെന്‍ഷന്‍ പറ്റിയ ധാരാളം തൊഴിലാളികള്‍ വിവിധ ഫാക്ടറികളില്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്ക് എങ്ങനെ വേതനം ലഭിക്കുമെന്നതിലും വ്യക്തതയില്ല. സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 70 ശതമാനത്തോളം അടഞ്ഞുകിടക്കുകയാണ്. പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ ശമ്പളവുമില്ല എന്നതാണ് സ്ഥിതി. പൊതുമേഖലയില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍െറയും കാപെക്സിന്‍െറയും ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ടാന്‍സാനിയന്‍ തോട്ടണ്ടിയുടെ വിലയില്‍വന്ന ഏറ്റക്കുറച്ചില്‍മൂലം പുതുതായി തോട്ടണ്ടി വാങ്ങുന്നത് അനിശ്ചിതത്വത്തിലാണ്. സ്വകാര്യ കശുവണ്ടി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം അനുവദിക്കണമെന്ന ഹരജിയില്‍ ചീഫ് സെക്രട്ടറി ഒരാഴ്ചക്കകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.