കൊല്ലം: നോട്ട് പ്രതിസന്ധിമൂലം സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ ശമ്പളം മുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. ആഴ്ചതോറും ശമ്പളം നോട്ടായി നല്‍കുന്ന രീതിയാണ് കശുവണ്ടി മേഖലയില്‍. ഫാക്ടറി ഉടമകള്‍ക്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. 700ഓളം ഫാക്ടറികളുള്ളതില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. തുറന്നു പ്രവര്‍ത്തിക്കുന്ന 250ലേറെ ഫാക്ടറികളിലെ തൊഴിലാളികളാണ് അവശ്യസാധനങ്ങള്‍ വാങ്ങാന്‍പോലും പണമില്ലാതെ വലയുന്നത്. തൊഴിലാളികള്‍ക്ക് പുറമെ ഫാക്ടറികളിലെ ‘സ്റ്റാഫ്’ വിഭാഗത്തില്‍പെടുന്ന ജീവനക്കാരുടെ മാസ ശമ്പളവും മുടങ്ങി. സ്റ്റാഫ് വിഭാഗത്തില്‍ മൂവായിരത്തിലധികം തൊഴിലാളികള്‍ വിവിധ ഫാക്ടറികളിലായി ജോലി ചെയ്യുന്നുണ്ട്. കശുവണ്ടി ഫാക്ടറി ഉടമകള്‍ക്ക് ശമ്പളം നല്‍കാനുള്ള തുക ആവശ്യാനുസരണം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാന്‍ അനുവാദം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഇനിയും തയാറായിട്ടില്ല. ആഴ്ചയില്‍ സേവിങ്സ് അക്കൗണ്ടില്‍നിന്ന് 24,000 രൂപയും കറന്‍റ് അക്കൗണ്ടില്‍നിന്ന് 50,000 രൂപയും മാത്രം പിന്‍വലിക്കാവുന്ന നിലവിലെ സാഹചര്യത്തില്‍ ശമ്പള വിതരണം അസാധ്യമാണെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു. കശുവണ്ടി ഫാക്ടറി തൊഴിലാളികളില്‍ ഭൂരിപക്ഷവും ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡും ഇല്ലാത്തവരാണ്. അക്കൗണ്ടുള്ളവര്‍ക്ക് തന്നെ സ്വന്തമായി എ.ടി.എം കാര്‍ഡ് ഉപയോഗിക്കാനറിയില്ല. എല്ലാവര്‍ക്കും അക്കൗണ്ട് ആരംഭിച്ച് അതുവഴി ശമ്പളം വിതരണം ചെയ്യുന്നതിന് നിലവിലെ സാഹചര്യത്തില്‍ കടമ്പകളേറെയാണ്. തൊഴിലാളികളെയെല്ലാം ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവന്ന് ശമ്പളം നല്‍കുന്ന സംവിധാനം ഒരുക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. ശമ്പളം മുടങ്ങിയതിന് പുറമെ ഇനിയുള്ള ദിനങ്ങളില്‍ ജോലിയും മുടങ്ങുന്ന സ്ഥിതിയാണ് കശുവണ്ടി മേഖലയിലുള്ളത്. കാഷ്യൂ കോര്‍പറേഷനിലെയും കാപെക്സിലെയും തൊഴിലാളികള്‍ക്ക് ആദ്യ ആഴ്ചകളില്‍ വേതനം കിട്ടിയെങ്കിലും ഭൂരിഭാഗം വരുന്ന സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികള്‍ ശമ്പളമില്ലാതെ പണിയെടുക്കുകയാണ്. അതിനിടെ തോട്ടണ്ടി സ്റ്റോക്ക് തീര്‍ന്നത് കശുവണ്ടി വികസന കോര്‍പറേഷന്‍െറയും കാപക്സിന്‍െറയും ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസ്സമായി. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കില്‍ തോട്ടണ്ടി ഇറക്കുമതിയെയും തുടര്‍നടപടികളെയും ബാധിക്കും. ഉല്‍പാദിപ്പിച്ച കശുവണ്ടിപ്പരിപ്പിന് ആഭ്യന്തരവിപണിയില്‍ ആവശ്യക്കാര്‍ കുറവാണ്. ഇതുമൂലം പരിപ്പ് കെട്ടിക്കിടക്കുന്നതിന് പുറമെ തോട്ടണ്ടി ഇറക്കുമതിക്കടക്കം പണം ചെലവിടാനും വ്യവസായികള്‍ക്കാവുന്നില്ല. ശമ്പളം നല്‍കാന്‍ പണമില്ലാത്ത സാഹചര്യത്തില്‍ അടുത്ത ആഴ്ചയോടെ കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ക്ക് താഴുവീഴുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.