കഞ്ചാവ് കടത്ത്: രണ്ടുപേര്‍ പിടിയില്‍

കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡുകളില്‍ തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടത്തി വിതരണക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ. സുരേഷ്ബാബുവിന്‍െറ നിര്‍ദേശാനുസരണം സ്പെഷല്‍ ഷാഡോ ടീമാണ് കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അയത്തില്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി പിടിയിലായ കൊറ്റങ്കര ദാറുല്‍ മദീന വീട്ടില്‍ മുനീറിനെ (21) മാമൂട്ടില്‍നിന്ന് ബുധനാഴ്ചയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അയത്തില്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ക്ക് കഞ്ചാവ് വിതരണത്തിന് നല്‍കിയത് ഇയാളാണെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പാരിപ്പള്ളി സ്വദേശി വിച്ചു എന്ന വിഷ്ണുവുമായി ചേര്‍ന്ന് ഇയാള്‍ തെങ്കാശി-കുറ്റാലം കായമ്പൂര് എന്ന സ്ഥലത്തെ സ്ത്രീയില്‍നിന്ന് ഒരു കിലോ കഞ്ചാവ് 15,000 രൂപ നിരക്കില്‍ വാങ്ങി കൊല്ലത്തേക്ക് കടത്തി 300 ഓളം ചെറുപൊതികളാക്കി പൊതിയൊന്നിന് 250 രൂപ നിരക്കില്‍ വില്‍പന നടത്തുന്നെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് പറഞ്ഞു. ഇയാളില്‍നിന്ന് 94 പൊതി കഞ്ചാവും കണ്ടെടുത്തു. പ്രതിയും കൂട്ടാളികളും ചേര്‍ന്ന് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി ഇതിലൂടെ കഞ്ചാവിന്‍െറ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചാണ് കൂടുതല്‍ പേരെ ആകര്‍ഷിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുമായി ചേര്‍ന്ന് കഞ്ചാവ് കച്ചവടം നടത്തുന്ന ചെറുമൂട് വയലില്‍ വീട്ടില്‍ അനസിനെ(20) കഞ്ചാവുമായി പിടികൂടിയത്. റെയ്ഡുകള്‍ക്ക് സി.ഐ ജെ. താജുദ്ദീന്‍കുട്ടി, ഇന്‍സ്പെക്ടര്‍ എം. കൃഷ്ണകുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ ആര്‍.ജി. വിനോദ്, ശശികുമാര്‍, ഷാഡോ ടീമംഗങ്ങളായ ടി. വിഷ്ണുരാജ്, ദിലീപ്, മണിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.